നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങി അധികൃതര്‍; അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ നോട്ടീസ്

വ്യാഴാഴ്ചയാണ് നാല് പ്രതികളോട് ജയില്‍ അധികൃതര്‍ അന്ത്യാഭിലാഷം ചോദിച്ചത്. എന്നാല്‍ ആരും ഒന്നും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങി അധികൃതര്‍; അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ നോട്ടീസ്

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ജയില്‍ അധികൃതര്‍ തുടങ്ങി. ഫെബ്രുവരി ഒന്നിന് വധ ശിക്ഷ നടപ്പാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കി. വ്യാഴാഴ്ചയാണ് നാല് പ്രതികളോട് ജയില്‍ അധികൃതര്‍ അന്ത്യാഭിലാഷം ചോദിച്ചത്. എന്നാല്‍ ആരും ഒന്നും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും.

എപ്പോള്‍ എങ്ങിനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തങ്ങളുടെ പേരിലുള്ള സ്വത്ത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. കുടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ മറ്റു കാര്യങ്ങള്‍ സംബന്ധിച്ചോ നാല് പ്രതികള്‍ക്കും മിണ്ടാട്ടമില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. ഒന്നാംതീയതി രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. പ്രതികളില്‍ രണ്ടു പേര്‍ സുപ്രിംകോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയിട്ടുണ്ട്. എങ്കിലും കൂടുതല്‍ സമയം പ്രതികള്‍ക്ക് ലഭിക്കുമെന്ന് തന്നെയാണ് അവര്‍ വിചാരിക്കുന്നത്. ഇതിന് പിന്നാലെ ക്രൂരകൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് ചൂണ്ടിക്കാട്ടി പവന്‍ ഗുപ്തയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടുഹര്‍ജികളും തള്ളിയതോടെയാണ് ജയില്‍ അധികൃതര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. ബിഹാറിലെ ബക്‌സര്‍ ജയിലില്‍ നിന്നുമാണ് തൂക്കിലേറ്റാനുള്ള കയര്‍ കൊണ്ടുവരിക. ഇതിനുള്ള ഓര്‍ഡര്‍ നേരത്തെ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു.

ഈ മാസം 22ന് തൂക്കിലേറ്റാനായിരുന്നു ഡല്‍ഹി കോടതി ആദ്യം ഇറക്കിയ മരണ വാറണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ദയാ ഹര്‍ജി കാരണം ഇത് മാറ്റി പുതിയ തീയ്യതി കുറിക്കുകയായിരുന്നു. ഇനി മറ്റു പ്രതികളും ഓരോരുത്തരായി ദയാ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. പരമാവധി സമയം നീട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

രാഷ്ട്രതി ദയാ ഹര്‍ജി തള്ളികഴിഞ്ഞാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് പ്രതിക്ക് 14 ദിവസം നീട്ടി നല്‍കണമെന്നാണ് ചട്ടം. ഇതിനിടെ മരണ വാറണ്ട് നല്‍കി കഴിഞ്ഞാല്‍ ഹര്‍ജികള്‍ നല്‍കുന്നതിന് ഒരു സമയപരിധി വെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിനെതിരേ നിര്‍ഭയയുടെ മാതാപിതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി റാം സിങ്ങ്, അയാളുടെ സഹോദരന്‍ മുകേഷ് സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് സിങ്ങ് കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇങ്ങനെ നീളുന്നതായിരുന്നു പ്രതിപട്ടിക. ഇതില്‍ ഒന്നാം പ്രതി റാം സിങ്ങ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു.

ജുവനൈല്‍ പ്രതി മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. ബാക്കിയുള്ള നാല് പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്. 2012 ഡിസംബറിലാണ് തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കിയത്. ക്രൂരമായി ആക്രമിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തശേഷം യുവതിയെ ബസ്സില്‍ നിന്നും വലിച്ചെറിയുകയും ചെയ്തു. അതിഗുരുതരമായി പരിക്കേറ്റ യുവതി 12 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.

RELATED STORIES

Share it
Top