Sub Lead

മോദി പിണറായി ഒത്തുകളിക്ക് ഇടനിലക്കാരനായി ഗവര്‍ണര്‍ മാറി: തുളസീധരന്‍ പള്ളിക്കല്‍

മോദി പിണറായി ഒത്തുകളിക്ക് ഇടനിലക്കാരനായി ഗവര്‍ണര്‍ മാറി: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിക്ക് ഇടനിലക്കാരനായി ഗവര്‍ണര്‍ മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. നാളിതുവരെ സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ കഴിയാത്ത സംഘപരിവാരം ഭരണകൂടത്തെ നിയന്ത്രിക്കാനുള്ള ഉപകരണമായി ഗവര്‍ണറെ ഉപയോഗപ്പെടുത്തുകയാണ്. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ബിജെപി നേതാവിനെ നിയമിക്കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തിയ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്. ജ്യോതിലാലിനെ ബലിയാടാക്കി ജനങ്ങളുടെ മുമ്പില്‍ നല്ലപിള്ള ചമയാന്‍ മുഖ്യമന്ത്രി നടത്തിയ അടവുതന്ത്രമാണ് ഇതിലൂടെ പൊളിഞ്ഞത്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് വിഷയം ഉയര്‍ത്തിയ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായിരിക്കുകയാണ്. ഗവര്‍ണറുടെ വസതിയില്‍ വീട്ടുജോലിക്കുവേണ്ടി മാത്രം 77 സ്ഥിരം ജീവനക്കാരാണുള്ളത്. ഇതു കൂടാതെ നൂറിലധികം താല്‍ക്കാലിക ജീവനക്കാരുമുള്ളതായി നിയമസഭയില്‍ സമര്‍പ്പിക്കുന്ന സ്റ്റാഫ് അപ്പന്‍ഡിക്‌സ് വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 10.83 കോടി രൂപയാണ് രാജ്ഭവനായി നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ എട്ടു കോടിയോളം രൂപ ജീവനക്കാരുടെ ശമ്പളവും അലവന്‍സടക്കമുള്ളവയ്ക്കാണ്. സ്ഥിരം ജീവനക്കാരില്‍ തുണി കഴുകുന്നവര്‍ മുതല്‍ ആശാരിമാര്‍ വരെയുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് വിഷയം വലിയ ജനകീയ പ്രശ്‌നമായി ഉര്‍ത്തിക്കാട്ടി കൈയടി വാങ്ങാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് ആയാലും ഗവര്‍ണറുടെ ഓഫീസ് സ്റ്റാഫായാലും ധൂര്‍ത്ത് കുറയ്ക്കാനും ഔദ്യോഗിക സ്ഥാനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വീതം വെച്ചു നല്‍കുന്നത് ഒഴിവാക്കാനും ശ്രമിക്കണം. ഗവര്‍ണര്‍ കേവല രാഷ്ട്രീയക്കാരനായി തരംതാഴരുതെന്നും ഭരണഘടനയോട് നീതി പുലര്‍ത്തണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it