Sub Lead

തൃശൂര്‍ പൂരം: പാറമേക്കാവിന്റെ കുടകളില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ചിത്രവും

ഗാന്ധിവധ ഗൂഢാലോചനയില്‍ ഭാഗമായി എന്ന ആരോപണത്തിനുമേല്‍ ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ 1948ല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും പ്രവര്‍ത്തകനും സവര്‍ക്കറുടെ അനുയായിയുമായിരുന്നു.

തൃശൂര്‍ പൂരം: പാറമേക്കാവിന്റെ കുടകളില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ചിത്രവും
X

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുടമാറ്റത്തിനുള്ള കുടകളില്‍ ആര്‍ എസ് എസ് സൈദ്ധാന്തികനും ഗാന്ധിവധ ഗൂഢാലോചന കേസില്‍ പ്രതിയുമായിരുന്ന വി ഡി സവര്‍ക്കറുടെ ചിത്രവും. പാറമേക്കാവ് വിഭാഗം ഒരുക്കിയ കുടകളിലാണ് ആര്‍എസ്എസ് സ്ഥാപക നേതാക്കളില്‍ ഒരാളായ സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെയും ചരിത്ര പുരുഷന്മാരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകളിലാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, പട്ടം താണുപിള്ള തുടങ്ങിയ മഹാന്മാരോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. ആര്‍ എസ് എസിന് സൈദ്ധാന്തിക അടിത്തറ ഒരുക്കിയവരില്‍ പ്രധാനിയായ സവര്‍ക്കര്‍ വര്‍ഗീയതയുടെ ശക്തനായ വക്താവാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ശത്രുതയോടെ കാണണമെന്ന് സവര്‍ക്കറുടെ കൃതികളിലുണ്ട്.

ഗാന്ധിവധ ഗൂഢാലോചനയില്‍ ഭാഗമായി എന്ന ആരോപണത്തിനുമേല്‍ ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ 1948ല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും പ്രവര്‍ത്തകനും സവര്‍ക്കറുടെ അനുയായിയുമായിരുന്നു. കേസില്‍ മാപ്പുസാക്ഷിയാക്കപ്പെട്ട ദിഗംബര്‍ ബാഗ്‌ഡെയുടെ മൊഴി പ്രകാരം, ഗാന്ധിവധത്തിനു മുന്‍പ് ഗോഡ്‌സെ സവര്‍ക്കറെ ബോംബെയില്‍ വച്ച് സന്ധിക്കുകയും സവര്‍ക്കര്‍ 'വിജയിച്ചു വരൂ' എന്നനുഗ്രഹിച്ച് ഗോഡ്‌സെയെ യാത്രയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ സവര്‍ക്കറെ കോടതി വിട്ടയയ്ക്കുയാണുണ്ടായത്. വര്‍ഷങ്ങള്‍ക്കു ശേഷം കപൂര്‍ കമ്മീഷന്റെ മുമ്പാകെ സവര്‍ക്കറുടെ വിശ്വസ്തരായ അപ്പാ രാമചന്ദ്ര കസര്‍, ഗജാനന്‍ വിഷ്ണു ദാംലെ എന്നിവര്‍ നല്‍കിയ മൊഴിയില്‍ ഗൂഢാലോചനയ്ക്ക് തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും, അപ്പോഴേക്കും സവര്‍ക്കര്‍ മരണപ്പെട്ടിരുന്നു.

മാത്രമല്ല, സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് ജയില്‍ മോചിതനായ ചരിത്രവും സവര്‍ക്കറിനുണ്ട്. സവര്‍ക്കറെ ചരിത്രപുരുഷനാക്കാന്‍ ബി ജെ പി അധികാരത്തിലുള്ളപ്പോഴെല്ലാം കിണഞ്ഞുശ്രമിക്കാറുണ്ട്.

തീവ്രഹിന്ദുത്വ രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്ന ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു വി ഡി സവര്‍ക്കര്‍ എന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഹിന്ദുത്വ എന്ന രാഷ്ട്രീയാശയം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സവര്‍ക്കര്‍, ദേശീയതാവാദത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ഒരു പൊളിറ്റിക്കല്‍ ഹിന്ദുവിനെ വാര്‍ത്തെടുക്കാനാണ് ശ്രമിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുന്നോട്ടുവച്ച മതേതരരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ പാടേ എതിര്‍ത്തുകൊണ്ട്, ഇന്ത്യന്‍ ദേശീയത 'ഹിന്ദു' എന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായി ഉടലെടുക്കേണ്ടതാണെന്ന് സവര്‍ക്കര്‍ വാദിച്ചു. ഈ വാദത്തെ അടിസ്ഥാനപ്പെടുത്തി നിരന്തരം ലേഖനങ്ങളും നോവലുകളുമെഴുതി. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇപ്പോഴും, ഇന്ത്യയിലെ മതരാഷ്ട്രീയവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സവര്‍ക്കറിന്റേത്.

Next Story

RELATED STORIES

Share it