Sub Lead

ആറ്റുകാല്‍ പൊങ്കാലയ്ക്കു വേണ്ടി സമരപ്പന്തല്‍ പൊളിച്ചു; പിന്മാറാതെ ശ്രീജിത്ത്

തിങ്കളാഴ്ച അര്‍ധരാത്രി 11.30ന് തുടങ്ങിയ പൊളിച്ചുനീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി.

ആറ്റുകാല്‍ പൊങ്കാലയ്ക്കു വേണ്ടി സമരപ്പന്തല്‍ പൊളിച്ചു; പിന്മാറാതെ ശ്രീജിത്ത്
X

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ പോലിസിന്റെ സഹായത്തോടെ നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. തിങ്കളാഴ്ച അര്‍ധരാത്രി 11.30ന് തുടങ്ങിയ പൊളിച്ചുനീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പോലിസ് നീക്കം ചെയ്തു.

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം, പന്തലുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊളിച്ചുമാറ്റിയതെന്ന സമരക്കാര്‍ ആരോപിച്ചു. അരിപ്പ ഭൂ സമരക്കാരുടെ പന്തല്‍ സ്ത്രീകള്‍ അടക്കം ഉറങ്ങി കിടക്കുമ്പോളായിരുന്നു പൊളിച്ചു നീക്കിയത്. കട്ടിലുകളടക്കം പുറത്തേക്ക് വലിച്ചിട്ടു. സ്ത്രീകളടക്കം കരഞ്ഞുകൊണ്ട് അപേക്ഷിച്ചിട്ടും പോലിസ് പിന്‍മാറാന്‍ തയ്യാറായില്ല. കെഎസ്ആര്‍ടിസി എംപാനല്‍ഡ് സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ പണിപ്പെട്ടാണ് നീക്കംചെയ്തത്. ചില സമരപ്പന്തലുകളില്‍ ഉണ്ടായിരുന്നവര്‍ തുടക്കത്തില്‍ പ്രതിഷേധമുയര്‍ത്തി. ഇവര്‍ക്ക് പിന്തുണയുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ പന്തലുകള്‍ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കള്‍ ലോറികളില്‍ മാറ്റുകയും ചെയ്തു.

ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളില്‍ നിന്നു മാറ്റിയത്. പന്തലുകള്‍ പലതും സെക്രട്ടേറിയറ്റിലെ ഗ്രില്ലിനോട് ചേര്‍ന്ന് വെല്‍ഡ് ചെയ്ത് നിര്‍മിച്ച നിലയിലായിരുന്നു. ഇവ പൊളിക്കാനും പ്രയാസമുണ്ടായി. ചില ഷെഡ്ഡുകളില്‍ 50 ലേറെ പ്ലാസ്റ്റിക് കസേരകളുണ്ടായിരുന്നു. സമരക്കാരില്‍ പലരും സ്വമേധയാ സാധനങ്ങള്‍ മാറ്റാന്‍ തയ്യാറായി. എന്നാല്‍, ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ളവ മാറ്റാന്‍ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാന്‍ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവര്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പോലിസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തല്‍ പൊളിച്ച് വാഹനത്തില്‍ കയറ്റി. ഓടിച്ചുപോയ വാഹനത്തില്‍ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കള്‍ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവര്‍ വാഹനത്തെ പിന്തുടര്‍ന്നത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് വാഹനം നിര്‍ത്തി ശ്രീജിത്തിനെ പോലിസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോണ്‍മെന്റ് സിഐ.യുടെ നേതൃത്വത്തിലുള്ള പോലിസ് ഒഴിപ്പിച്ചു.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതിനു മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നീക്കം ചെയ്യാന്‍ നടപടിയുണ്ടായത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പൊളിച്ചുനീക്കല്‍ നടപടി ഇപ്പോഴുണ്ടായത്. ഭൂമിക്ക് വേണ്ടി അഞ്ച് വര്‍ഷം തുടര്‍ച്ചയായി സമരം നടത്തിയിട്ടും മാറി വന്ന സര്‍ക്കാരുകള്‍ അരിപ്പ സമരക്കാരോട് അനുഭാവ പൂര്‍ണമായ യാതൊരു സമീപനവും സ്വീകരിച്ചിട്ടില്ല. 2012 ഡിസംബര്‍ 31 അര്‍ദ്ധരാത്രിമുതലാണ് അരിപ്പ ഭൂസമരം ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it