Top

"നീതി പുലരും, ഓരോ വീട്ടിലും ഷാഹിദുമാര്‍ വളരും"

അഡ്വ. ഷാഹിദ് അസ്മിയുടെ രക്തസാക്ഷിത്വത്തിന്റെ ഒമ്പതാം ആണ്ടില്‍ കുടുംബം നീതിക്കായി പോരാടുകയാണ്

"നീതി പുലരും, ഓരോ വീട്ടിലും ഷാഹിദുമാര്‍ വളരും"

ബഷീര്‍ പാമ്പുരുത്തി

മുംബൈ: ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന രാജ്യത്തിന്റെ ആപ്തവാക്യം നെഞ്ചേറ്റി, ഭരണകൂടവും ഫാഷിസ്റ്റ് ശക്തികളും വിവിധ ആക്രമണക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരുടെയും നിരപരാധിത്വം തെളിയിക്കാന്‍ തന്റെ ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്ന യുവഅഭിഭാഷകനെ ഓര്‍മയില്ലേ, അഡ്വ. ഷാഹിദ് അസ്മിയെ. പീഡനപര്‍വങ്ങള്‍ക്കിടയില്‍ നിന്നു വിമോചിതനായി, ഒടുവില്‍ തന്നെപ്പോലുള്ള നിരപരാധികള്‍ക്കു വേണ്ടി നീതിപീഠത്തിനു മുന്നില്‍ നിര്‍ഭയനായി വാദിച്ച്, പലരുടെയും ജീവിതം തിരിച്ചുനല്‍കി, ഒടുവില്‍ സത്യത്തിന്റെ ശത്രുക്കളുടെ നിറതോക്കുകള്‍ക്കു മുന്നില്‍ രക്തസാക്ഷിത്വം വഹിച്ച ഷാഹിദ് അസ്മിക്ക് നീതി ലഭിക്കാന്‍ മാതാവും സഹോദരനും പോരാട്ടപാതയിലാണ്. വിചാരണ ഇഴഞ്ഞുനീങ്ങുകയാണെങ്കിലും കോടതി നടപടികളില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഷാഹിദിന്റെ മാതാവ് രെഹാനയും സഹോദരന്‍ ഖാലിദും.

2010 ഫെബ്രുവരി 11നാണ് മുംബൈ കുര്‍ളയിലെ തന്റെ ഓഫിസിലെത്തിയ അക്രമികള്‍ അഡ്വ. ഷാഹിദ് അസ്മിയുടെ പോരാട്ടത്തിനു നേരെ കാഞ്ചിവലിച്ചത്. എട്ടുവര്‍ഷം പിന്നിട്ടപ്പോഴും കുറഞ്ഞത് 12 കോടതികളിലെങ്കിലും കൈമാറ്റം ചെയ്യപ്പെട്ട് കേസ് ഇഴയുകയാണ്. കൊലപാതകത്തില്‍ കുറ്റാരോപിതരായ നാലുപേര്‍ക്കെതിരേയുള്ള വിചാരണയാണ് വൈകുന്നത്. ഇതില്‍ വിനോദ് വിചാരെ, പിന്റു ധാഗ്‌ലെ എന്നിവര്‍ ജാമ്യത്തിലിറങ്ങി. ബാക്കി രണ്ടുപേര്‍ ദേവേന്ദ്ര ജഗ്തപും ഹാഷ്മുഖ് സോളങ്കിയും അഴികള്‍ക്കുള്ളില്‍ തന്നെയാണ്. വിചാരണ വൈകുന്നതിനു പിന്നിലെ കാരണങ്ങളെ കുറിച്ച്, സഹോദരന്റെ പാത പിന്തുടര്‍ന്ന് അഭിഭാഷക വേഷമണിയുന്ന ഖാലിദിന്റെ വാക്കുകള്‍ കേള്‍ക്കൂ ''കോടതി ഒന്നിനു പിറകെ ഒന്നായി 12 തവണയാണ് കേസ് മാറ്റിയത്. ഇത് കുറ്റാരോപികതര്‍ക്ക് സഹായമാവുകയാണ്''. ''കൊലപാതകത്തിനു ശേഷം ഞങ്ങളുടെ ബാര്‍ അസോസിയേഷന്‍ ഒരു തീരുമാനമെടുത്തു. കുറ്റാരോപിതര്‍ക്കു വേണ്ടി ആരും ഹാജരാവരുത്. ആ സംഭവം ഞങ്ങളില്‍ അത്രയേറെ ഞെട്ടലാണുളവാക്കിയതെന്ന് ഷാഹിദ് അസ്മിക്കൊപ്പം അതേദിവസം അഭിഭാഷക ബിരുദം നേടിയ അടുത്ത സുഹൃത്ത് അജയ് ത്രിപതി പറഞ്ഞു. ഈ വിവരം പുറത്തായതോടെ, നിരവധി തവണ കേസ് മാറ്റാന്‍ കോടതി നിര്‍ബന്ധിതമായി. ഉന്നത അഭിഭാഷകരെ വേണമെന്ന് കുറ്റാരോപിതര്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കേസ് നീണ്ടുപോവാനും കുറ്റാരോപിതര്‍ക്ക് ആനുകൂല്യം ലഭിക്കാനും കാരണമായതെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഷാഹിദിന്റെ കൊലപാതകവുമായി ബന്ധമുള്ള മുന്‍ ഗുണ്ടയായ സന്തോഷ് ഷെട്ടി 2014ല്‍ മോചിതനായി. കുറ്റാരോപിതരുടെ പരാതിയില്‍ വിചാരണ തുടങ്ങി ഒരുവര്‍ഷമായിട്ടും ഒരു പുരോഗതിയുമില്ല. 2018 ഫെബ്രുവരി 8നു ആദ്യസാക്ഷിയെ വിചാരണ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും കോടതി അവധിയില്‍ പ്രവേശിച്ചു.ജീവിതം തന്നെ പോരാട്ടം

മുപ്പത്തി രണ്ട് വയസ്സിനിടെ ഒരു പുരുഷായുസ്സ് മുഴുവന്‍ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു തീര്‍ത്ത യുവാവാണ് ഷാഹിദ് അസ്മ. ജനിച്ചതും വളര്‍ന്നതും മുംബൈയിലെ സബര്‍ബന്‍ ഗോവന്തി ഏരിയയിലാണെങ്കിലും ഇവരുടെ കുടുംബവേരുകള്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ അഅ്‌സംഗഡ് ഗ്രാമത്തിലേക്ക് നീളുന്നുവെന്നു പറഞ്ഞാണ് വേട്ടയാടിയത്. അഅ്‌സംഗഡിനെ ഹിന്ദുത്വരും മേല്‍ക്കോയ്മാ മാധ്യമങ്ങളും അതിനു വഴങ്ങുന്ന പൊതുബോധവും ഭീകരതയുടെ നഴ്‌സറി എന്നാണല്ലോ വിളിച്ചിരുന്നത്.


ജനാധിപത്യത്തിന്റെ സകലസംവിധാനങ്ങളും നോക്കിനില്‍ക്കെ, 1992 ഡിസംബര്‍ ആറിനു ഇന്ത്യയുടെ മതേതരബിംബമായി തലയുയര്‍ത്തിനിന്ന അയോധ്യയിലെ ബാബരി മസ്ജിദ് സംഘപരിവാര ശക്തികള്‍ തച്ചുതകര്‍ത്ത് അട്ടഹസിച്ചപ്പോള്‍, മുംബൈ തെരുവുകളില്‍ ചോരപ്പുഴയൊഴുകിയിരുന്നു. ഷാഹിദ് അസ്മിയുടെയും ദുരിതജീവിതം അവിടുന്നങ്ങോട്ടാണു തുടങ്ങുന്നത്. വര്‍ഗീയ കലാപങ്ങളും സ്‌ഫോടനങ്ങളും മുംബൈയെ പിടിച്ചുകുലുക്കിയ ഇരുള്‍പൂണ്ടൊരു രാത്രിയിലാണ് 15 വയസ്സ് മാത്രം പ്രായമുള്ള ഷാഹിദിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഹിന്ദു നേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് കേസെടുത്തത്. സംഭവത്തില്‍ ഷാഹിദ് കുറ്റസമ്മതം നടത്തിയെന്നതു മാത്രമായിരുന്നു പോലിസിന്റെ കൈവശമുണ്ടായിരുന്ന ഏക 'തെളിവ്'. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തെ ജയില്‍വാസം. ജനവിരുദ്ധ നിയമമായ ടാഡ പ്രയോഗിക്കപ്പെട്ട കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് നിയമം പരിഗണിക്കാതെ ആദ്യം ആര്‍തര്‍ റോഡ് ജയിലിലും പിന്നീട് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്കുമയച്ചു. ഡല്‍ഹി പോലിസിലെ കുപ്രസിദ്ധരായ ഉദ്യോഗസ്ഥര്‍ ലോധി റോഡിലെ സെല്ലില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് പിന്നീട് തെളിഞ്ഞു. തിഹാര്‍ ജയിലിലിരിക്കെയാണ് ഷാഹിദ് സ്വയം പഠിച്ച് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നതും തന്നെപ്പോലെ നിരപരാധികളായിട്ടും, രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തുനിയുന്നതും. 2001ല്‍ കുറ്റവിമുക്തനാക്കപ്പെട്ട് വിട്ടയക്കപ്പെട്ട ശേഷം ഷാഹിദ് അസ്മി വീട്ടിലെത്തിയ ശേഷം ജേണലിസത്തിനും ലോ സ്‌കൂളിലും ചേര്‍ന്നു. മൂന്നു വര്‍ഷത്തിനു ശേഷം സബ് എഡിറ്റര്‍ ജോലി ഉപേക്ഷിച്ച് പ്രമുഖ അഭിഭാഷകന്‍ മജീദ് മേമന്റെ ജൂനിയറായി പ്രതിമാസം 2000 രൂപയ്ക്ക് ജോലി തുടങ്ങി. സ്വപ്രയത്‌നത്തിലൂടെ അതിവേഗം മുന്നേറിയ ഷാഹിദ് ഏഴു വര്‍ഷം കൊണ്ട് തലയെടുപ്പുള്ള അഭിഭാഷകനായി. രാജ്യത്തെ സംവിധാനങ്ങളും അവയുടെ ക്രിമിനല്‍വല്‍ക്കരണവും എത്രത്തോളം ക്രൂരവും ഭയാനകവുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് സഹോദരന്‍ ഖാലിദ് പറയുന്നു. തന്റെ പോരാട്ടവഴി എന്തിനു വേണ്ടിയാണെന്നു തിരിച്ചറിഞ്ഞിരുന്നു ഷാഹിദ്. തന്റെ ജീവിതമല്ല പ്രധാനമെന്നു പറഞ്ഞ് ഏറ്റെടുത്ത വെല്ലുവിളി എത്ര പ്രാധാന്യമുള്ളതാണ്. എന്റെ ജീവിതത്തെ കുറിച്ച് എനിക്ക് ഒട്ടും ഭയമില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോഴെല്ലാം ഷാഹിദിന്റെ മറുപടിയെന്ന് സഹോദരന്‍ ഖാലിദ് ഓര്‍മിക്കുന്നു. ഷാഹിദിന്റെ അര്‍പ്പണബോധം ഒരു പ്രതിജ്ഞ പോലെ പലരും ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്ത് എത്രപേര്‍ ഇതുപോലെ വേദനിക്കുന്നുണ്ട്. ഒട്ടനവധി മുസ്‌ലിം യുവാക്കളാണ് ജയിലിടയ്ക്കപ്പെട്ടിട്ടുള്ളത്. പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെടെ. ഇവര്‍ക്കു വേണ്ടിയുള്ള ഷാഹിദ് അസ്മിയുടെ പോരാട്ടം നിരവധി പേര്‍ക്കാണ് നിയമപഠനത്തിനുള്‍പ്പെടെ പ്രചോദനമായത്. കൊല്ലപ്പെടുമ്പോള്‍ ഷാഹിദ് ഇത്തരത്തിലുള്ള ഒരു ഡസനോളം കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്. 26/11 മുംബൈ ആക്രമണം, ഔറംഗബാദ് ആയുധവേട്ട, മുംബൈ തീവണ്ടി സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം തുടങ്ങിയവയായിരുന്നു അതില്‍ പ്രധാനം. ഷാഹിദ് കൊല്ലപ്പെട്ട ശേഷം മുംബൈ ആക്രമണക്കേസിലും മലേഗാവ് സ്‌ഫോടനക്കേസിലുമുണ്ടായ വിധികള്‍ അദ്ദേഹത്തിന്റെ കേസ് നടത്തിപ്പിന്റെ വിജയം കൂടിയായിരുന്നു.


നീതി പുലരും, ഓരോ വീട്ടിലും ഷാഹിദുമാര്‍ വളരും

പലരെയും പോലെ നീതിപീഠത്തില്‍ പൂര്‍ണവിശ്വാസത്തോടെ തന്നെയാണ് ഷാഹിദിന്റെ കുടുംബം ഇപ്പോഴും കഴിയുന്നത്. അവനെ ഓര്‍മിക്കാത്ത ഒരു ദിനം പോലും കടന്നുപോയിട്ടില്ലെന്ന് സഹോദരന്‍ ഖാലിദ് പറയുന്നു. 26 കാരിയായ മാതാവ് രെഹാനയുടെ വാക്കുകളിലും നീതിപീഠത്തിലെ വിശ്വാസം പ്രകടം. വിചാരണ നീണ്ടെങ്കിലും ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവളാണ്. നീതി ലഭിക്കുമെന്നു തന്നെയാണ് വിശ്വാസം. മകന്റെ ഘാതകരോട് രെഹാന ചോദിക്കുന്നു. നിങ്ങള്‍ക്ക് എപ്പോഴും സ്വസ്ഥമായി കിടന്നുറങ്ങാനാവുമെന്ന് കരുതുന്നുണ്ടോ. രാജ്യത്തെ ഓരോ വീട്ടിലും ഓരോ ഷാഹിദുമാര്‍ ജനിക്കും. ഷാഹിദ് അവന്റെ ഓഫിസില്‍ സഹായം തേടിയെത്തിയ ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ ഇറങ്ങിപ്പോയപ്പോഴാണ് വെടിവച്ചുകൊന്നത്. അവര്‍ കൊന്നത് എന്റെ മകനെ മാത്രമല്ല, മനുഷ്യത്വത്തെ തന്നെയാണ്... നിശ്ചയദാര്‍ഢ്യവും ശുഭപ്രതീക്ഷകളും സ്ഫുരിക്കുന്നു, രെഹാനയുടെ വാക്കുകളില്‍.
Next Story

RELATED STORIES

Share it