Kerala

ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു

ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പോലിസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഫസല്‍ അടക്കമുള്ളവര്‍ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാന്‍ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസല്‍ അബ്ബാസ് പറഞ്ഞു.

ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പോലിസിന്റെ നടപടി. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരന്‍ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരന്‍ എവിടെയെന്ന് പോലിസ് അറിയിക്കുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതില്‍ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പോലിസ് കസ്റ്റഡി. പോലിസ് മേധാവി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഫസല്‍ അബ്ബാസ് എവിടെയെന്ന് അറിയിക്കാന്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്.

ബലാല്‍സംഗ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുല്‍ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.




Next Story

RELATED STORIES

Share it