Sub Lead

അതിശക്തമായ കാറ്റിനു സാധ്യത; മല്‍സ്യബന്ധനത്തിനു സമ്പൂര്‍ണ നിരോധനം

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

അതിശക്തമായ കാറ്റിനു സാധ്യത; മല്‍സ്യബന്ധനത്തിനു സമ്പൂര്‍ണ നിരോധനം
X

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ക്യാര്‍' ചുഴലിക്കാറ്റിന്റെയും പ്രഭാവമുള്ളതിനാല്‍ താഴെ പറയുന്ന കടല്‍ മേഖലകളില്‍ മല്‍സ്യബന്ധനത്തിന് പോവരുതെന്നാണ് നിര്‍ദേശം. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മി വേഗതയിലും ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നവംബര്‍ 3 വരെ മല്‍സ്യത്തൊഴിലാളികള്‍ മധ്യ പടിഞ്ഞാറ് അറബിക്കടലിലും അടുത്ത 24 മണിക്കൂറില്‍ മധ്യ കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്ക് ഭാഗത്തും ഒരു കാരണവശാലും മല്‍സ്യബന്ധനത്തിന് പോവരുതെന്നും നിര്‍ദേശമുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നതു വരെ മല്‍സ്യത്തൊഴിലാളികളെ കടലില്‍ പോവുന്നതില്‍ നിന്ന് വിലക്കാന്‍ വേണ്ടിയുള്ള നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി സുരക്ഷിതമായ ക്യാംപുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അത്തരം വീടുകളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. തീവ്രന്യൂനമര്‍ദത്തിന്റെ പ്രഭാവം രാത്രിയിലും തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയില്‍ പെടുന്നവര്‍ അധികൃതരെ അറിയിക്കണം. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളില്‍ താമസിക്കുന്നവരും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കണം.

ശക്തമായ കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവയ്ക്ക് കീഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇലക്ട്രിക്ക് കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടില്‍ ഇറങ്ങരുത്. വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക്ക് ഷോക്ക് ഇല്ലെന്നുറപ്പ് വരുത്തണം. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളെയും പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും അപകടാവസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെഎസ്ഇബിയുടെ കണ്‍ട്രോള്‍ റൂം 1912 നമ്പറില്‍ അറിയിക്കണം.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സംബന്ധിച്ചുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം

ഓറഞ്ച് അലര്‍ട്ട്

2019 ഒക്ടോബര്‍ 30ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 31 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ(115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത്.

മഞ്ഞ അലര്‍ട്ട്

2019 ഒക്ടോബര്‍ 30ന് പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും നവംബര്‍ 1ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്.




Next Story

RELATED STORIES

Share it