Big stories

കൊവിഡ് 19 മരണം എണ്ണായിരത്തിലേക്ക്; ഇന്നലെ മാത്രം മരിച്ചത് 803 പേര്‍

കൊവിഡ് രോഗാണുക്കള്‍ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മറ്റും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍ കണ്ടെത്തി.

കൊവിഡ് 19 മരണം എണ്ണായിരത്തിലേക്ക്; ഇന്നലെ മാത്രം മരിച്ചത് 803 പേര്‍
X

റോം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരത്തിലേക്ക്. 803 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണ സംഖ്യ 7965 ആയി. 1,98,178 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 81,728 പേര് രോഗത്തില്‍ നിന്നും മുക്തരായതായാണ് റിപ്പോര്‍ട്ട്.

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 2503 ആയി. കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പില്‍ സമ്പൂര്‍ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല.

അതേസമയം ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഗള്‍ഫ് രാജ്യങ്ങളിലുടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 74 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 1185 ആയി. യുഎഇയില്‍ വിസാ വിലക്ക് കൂടുതല്‍ കര്‍ക്കശമാക്കി. ബഹ്‌റൈനില്‍ യാത്രാനിയന്ത്രണം ഇന്ന് പ്രാബല്യത്തില്‍ വരും.സൗദിയില്‍ 38, യുഎഇയില്‍ 15, ഒമാനില്‍ 9, കുവൈത്തില്‍ 7, ഖത്തറില്‍ മൂന്ന്, ബഹ്‌റൈനില്‍ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ അന്‍പതു ലക്ഷം മാസ്‌കുകള്‍ തയാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പര്‍ക്കവിലക്ക് കര്‍ക്കശമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷവും പേര്‍ മരിക്കുമെന്ന് ലണ്ടനിലെ ഇന്‍പീരിയല്‍ കോളജ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക വിലക്ക് ലംഘിച്ചു ആഘോഷത്തിനായി ഒന്നിച്ചു ചേര്‍ന്ന ചെറുപ്പക്കാരെ പിരിച്ചുവിടാന്‍ ടുണീഷ്യയില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രോഗപ്പകര്‍ച്ച തടയുന്നതില്‍ ഭരണകൂടം പരാജപ്പെട്ടെന്ന വിമര്‍ശനം ഉന്നയിച്ച നൂറു പേര് തുര്‍ക്കിയില്‍ അറസ്റ്റിലായി. ബെല്‍ജിയം പൂര്‍ണ്ണ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചു. അതിനിടെ, കൊവിഡ് രോഗാണുക്കള്‍ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മറ്റും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍ കണ്ടെത്തി.

Next Story

RELATED STORIES

Share it