Sub Lead

തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ബിജെപിയെ സഹായിക്കുന്നു; ഈ തിരഞ്ഞെടുപ്പിലും തന്ത്രം ആവര്‍ത്തിക്കും

ഇന്ത്യയില്‍ അഭിപ്രായ സ്വരൂപണത്തിന് മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നവര്‍ ഏറെയും ബിജെപിയെ സഹായിക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. സാമ്പത്തികമായി ഉന്നതിയിലുളളവരും ഉയര്‍ന്ന ജാതിക്കാരുമാണ് കൂടുതലായി മാധ്യമങ്ങളുമായി ഇടപഴകുന്നത്.

തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ബിജെപിയെ സഹായിക്കുന്നു; ഈ തിരഞ്ഞെടുപ്പിലും തന്ത്രം ആവര്‍ത്തിക്കും
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങള്‍ ബിജെപിയെ സഹായിക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ സഹായകമാവുന്നുവെന്നും പഠന റിപോര്‍ട്ട്. ഇന്ത്യയില്‍ അഭിപ്രായ സ്വരൂപണത്തിന് മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നവര്‍ ഏറെയും ബിജെപിയെ സഹായിക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. സാമ്പത്തികമായി ഉന്നതിയിലുളളവരും ഉയര്‍ന്ന ജാതിക്കാരുമാണ് കൂടുതലായി മാധ്യമങ്ങളുമായി ഇടപഴകുന്നത്.

2014 ലെ നാഷനല്‍ ഇലക്ഷന്‍ സ്റ്റഡീസ് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര മീംമാസകനും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനുമായ രാഹുല്‍ വര്‍മയും സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലപിങ് സൊസൈറ്റിയിലെ ശ്രേയസ് സര്‍ദേശായിയും നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ബിജെപി സ്വാധീനം വ്യക്തമായത്. 306 മണ്ഡലങ്ങളില്‍ 20,000 പേരില്‍നിന്നാണു വിവരങ്ങള്‍ ശേഖരിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 31.1 ശതമാനം പേരുടെ വോട്ടാണ് ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് ലഭിച്ചത്. എന്നാല്‍ മാധ്യമങ്ങളെ കൂടുതല്‍ ആശ്രയിച്ചവരില്‍ 39 ശതമാനം പേരും ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തുവെന്നാണ് കണ്ടെത്തിയത്. അതേസമയം, കാര്യമായി മാധ്യമങ്ങളെ ആശ്രയിക്കാത്ത വിഭാഗത്തില്‍ 27 ശതമാനം പേര്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. മാധ്യമ സ്വാധീനം കൂടുതല്‍ ഉളളവരില്‍ ഒരു വലിയ വിഭാഗം ഗുജറാത്ത് സംസ്ഥാനം മികച്ചതാണെന്നും നരേന്ദ്രമോദിയാണ് മികച്ച പ്രധാനമന്ത്രിയെന്നും കരുതുന്നു. മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കാത്ത വിഭാഗത്തില്‍ ഏറെ പേരും കോണ്‍ഗ്രസിനെയാണ് സഹായിച്ചതെന്നും പഠനത്തില്‍ വ്യക്തമായി.

വാര്‍ത്തകള്‍ക്കായി ഇന്റര്‍നെറ്റിനെ ആശ്രയിച്ചവരിലും ഏറെ പേര്‍ ബിജെപിയാണ് പിന്തുണച്ചതെന്ന് തെളിഞ്ഞു. ഇവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി ഉന്നത നിലവാരത്തിലുള്ളവരായിരുന്നു. സോഷ്യല്‍ മീഡിയയിലെ വലിയ സ്വാധീനമാണ് ബിജെപി ഇതിനായി ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് സംഘപരിവാരത്തിന് അനുകൂലമായി വരുന്ന വ്യാജവാര്‍ത്തകളില്‍ പലതും വോട്ടര്‍മാരെ വലിയ തോതില്‍ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാണ്.

ഹിന്ദി പത്രം വായിക്കുന്നവരിലും ഹിന്ദി ചാനലുകള്‍ കാണുന്നവരിലുമാണ് ബിജെപി സ്വാധീനം കൂടുതലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബാര്‍ക്ക്) റിപ്പോര്‍ട്ട് പ്രകാരം ഹിന്ദി ചാനലുകള്‍ക്ക് ഇംഗ്ലീഷ് ചാനലുകളെക്കാള്‍ 200 ശതമാനം പ്രേക്ഷകരാണ് ഉള്ളത്.

തിരഞ്ഞെടുപ്പ് കാലത്ത് പരസ്യത്തിലൂടെയും മറ്റു വിധേനയും മാധ്യമങ്ങളെ പാട്ടിലാക്കി തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ പരോക്ഷമായി പ്ലാന്റ് ചെയ്താണ് ബിജെപി ഈ നേട്ടം സാധ്യമാക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് മാര്‍ച്ച് 1 മുതല്‍ മെയ് 11 വരെ ഇംഗ്ലീഷ് ഹിന്ദി ചാനലുകളില്‍ രാത്രി 8 മുതല്‍ 10 മണിവരെയുള്ള പ്രൈംടൈമില്‍ വിവിധ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും നല്‍കിയ സമയത്തെക്കുറിച്ച് ഡല്‍ഹി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ മീഡിയ ലാബ് പഠനം നടത്തിയിരുന്നു. ഈ സമയങ്ങളില്‍ മൂന്നില്‍ ഒന്ന് സമയവും മോദിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ചാനലുകളില്‍ നടന്നത്.

ബിജെപിക്ക് നല്‍കിയ സമയം കോണ്‍ഗ്രസിനെക്കാള്‍ 10 ശതമാനം കൂടുതലായിരുന്നു. 2017 ല്‍ പ്യൂ ഗ്ലോബല്‍ ആറ്റിറ്റിയൂഡ് സര്‍വെയില്‍ പക്ഷപതപരമായ മാധ്യമങ്ങള്‍ക്ക് സ്വീകാര്യത കിട്ടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരുന്നു.

2014 ല്‍ നടത്തിയതുപോലെ മാധ്യമ സഹായത്തോടെ പ്രചാരണം ശക്തമാക്കുന്നതിന് ബിജെപി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രിന്റ് മീഡിയകള്‍ക്കു കൊടുക്കുന്ന പരസ്യ തുക ഈയിടെ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അതോടൊപ്പം സോഷ്യല്‍ മീഡിയ പ്രചരണത്തിന് വന്‍സംഘത്തെ തന്നെ ബിജെപി ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഭരണകൂട വിരുദ്ധ പ്രചരണത്തെ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ പ്രചരണമായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യിക്കുന്നതിനുള്ള പുതിയ നിയമവും പണിപ്പുരയിലാണ്.



Next Story

RELATED STORIES

Share it