Sub Lead

തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു, ശരീരത്തില്‍ 'ഭീകര'നെന്ന് മുദ്രകുത്തി; ജയില്‍ സുപ്രണ്ടിനെതിരേ അന്വേഷണം

തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു, ശരീരത്തില്‍ ഭീകരനെന്ന് മുദ്രകുത്തി; ജയില്‍ സുപ്രണ്ടിനെതിരേ അന്വേഷണം
X

ഛണ്ഡീഗഢ്: തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ശരീരത്തില്‍ 'ഭീകരവാദി'യെന്ന് മുദ്രകുത്തി. പഞ്ചാബ് ബര്‍ണാല ജില്ലയിലെ ജയിലിലാണ് വിചാരണ തടവുകാരന്‍ കരംജിത്ത് സിങ്ങാ(28) ണ് ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായത്. തടവുകാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ സുപ്രണ്ടിനെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയാണ് സമഗ്രമായ അന്വേഷണം നടത്താനും തടവുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടത്.ശരീരത്തില്‍ 'ഭീകരവാദി'യെന്ന് എഴുതുയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൂടാതെ കരംജിത്തിന്റെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ ചോരപ്പാടുകളും ചിത്രത്തില്‍ കാണാം. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഫയല്‍ ചെയ്ത കേസ് പരിഗണിക്കുന്ന മന്‍സ ജില്ലയിലെ ഒരു കോടതിയിലാണ് തടവുകാരന്‍ കരംജിത് സിങ് ജയില്‍ സുപ്രണ്ടിനെതിരേ ആരോപണമുന്നയിച്ചത്. ജയിലില്‍ തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്‌സും ഹെപ്പറ്റൈറ്റിസുമുള്ളവരെ പ്രത്യേക വാര്‍ഡുകളില്‍ പാര്‍പ്പിക്കാറില്ല. ഇക്കാര്യങ്ങളുന്നയിച്ച് താന്‍ പരാതിപ്പെടുമ്പോള്‍ ജയില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിക്കുമെന്നും കരംജിത്ത് ആരോപിച്ചു.

എന്നാല്‍, ആരോപണങ്ങളെല്ലാം ജയില്‍ സൂപ്രണ്ട് ബല്‍ബീര്‍ സിങ് നിഷേധിച്ചു. ഇത്തരം വ്യാജ കഥകള്‍ മെനയാന്‍ കരംജിത്ത് സിങ് മിടുക്കനാണ്. ലഹരിമരുന്ന് കേസ് മുതല്‍ കൊലപാതക ശ്രമം വരെയുള്ള 11 കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് കരംജിത്ത് സിങ്. ഇയാളുടെ ജയില്‍ മുറിയില്‍നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണ്. പോലിസ് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് ഞങ്ങളോട് വൈരാഗ്യമുള്ളതിനാലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജയില്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.


ജയില്‍ എഡിജിപി പി കെ സിന്‍ഹക്കാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിഐജി (ഫിറോസ്പൂര്‍) തജീന്ദര്‍ സിങ് മൗറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുണ്ട്. ഇന്ന് അന്വേഷണം ആരംഭിക്കും. അതേസമയം, പഞ്ചാബില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അകാലിദള്‍ വക്താവ് മഞ്ജീന്ദര്‍ സിര്‍സ ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുരുദ്ദേശ്യമാണിത്. പഞ്ചാബ് പോലിസ് സിഖ് തടവുകാരനെ മര്‍ദ്ദിക്കുകയും മുതുകില്‍ 'ഭീകരവാദി' എന്ന വാക്ക് കൊത്തിവയ്ക്കുകയും ചെയ്യുന്നു. ജയില്‍ സൂപ്രണ്ടിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും മനുഷ്യാവകാശ ലംഘനത്തിന് കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it