Sub Lead

അധ്യാപക നിയമന അഴിമതി; തൃണമൂല്‍ എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍

അധ്യാപക നിയമന അഴിമതി; തൃണമൂല്‍ എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍
X

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രാത്രി മുഴുവന്‍ ചോദ്യം ചെയ്തതിന് ശേഷമാണ് കേന്ദ്ര ഏജന്‍സി ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തത്. അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന രണ്ടാമത്തെ തൃണമൂല്‍ നേതാവാണ് മണിക് ഭട്ടാചാര്യ. മമത മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തൃണമൂല്‍ നേതാക്കളുടെ തുടര്‍ച്ചയായുള്ള അറസ്റ്റ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായ മണിക് ഭട്ടാചാര്യയെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ നീക്കിയിരുന്നു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014 ലാണ് അധ്യാപക നിയമനത്തില്‍ അഴിമതി നടന്നത്. സിബിഐ ആണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. സംസ്ഥാന പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനുള്ള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ (ടിഇടി) കണ്ടെത്തിയ അപാകതകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ആഗസ്തില്‍ സിബിഐ ഭട്ടാചാര്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അഴിമതിയില്‍ ഭട്ടാചാര്യയുടെ പേര് ഉയര്‍ന്നതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന് ഇനി പോലിസ് സുരക്ഷ നല്‍കില്ലെന്ന് സംസ്ഥാന പോലിസ് അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (WBSSC) റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി അര്‍പ്പിത മുഖര്‍ജിയെയും ഇഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാറ്റര്‍ജിയുടെയും മുഖര്‍ജിയുടെയും അറസ്റ്റിന് പിന്നാലെ ഇഡി ഭട്ടാചാര്യയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (ഡബ്ല്യുബിഎസ്എസ്സി) മുന്‍ ഉപദേഷ്ടാവ് ശാന്തി പ്രസാദ് സിന്‍ഹ, മുന്‍ ഡബ്ല്യുബിഎസ്എസ്‌സി ചെയര്‍മാന്‍ അശോക് സാഹ, ഡബ്ല്യുബിഎസ്എസ്സി മുന്‍ പ്രസിഡന്റ് കല്യാണ്‍മോയ് ഗാംഗുലി എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ മന്ത്രി പരേശ് സി അധികാരി അടക്കമുള്ള 13 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിക് ഭട്ടാചാര്യയുടെ അറസ്റ്റുണ്ടായത്.

Next Story

RELATED STORIES

Share it