Sub Lead

ഐഎസ് ബന്ധമുള്ള 56,000 പേരെ വിട്ടയക്കുമെന്ന് കുര്‍ദ് സൈന്യം

ഐഎസ് ബന്ധമുള്ള 56,000 പേരെ വിട്ടയക്കുമെന്ന് കുര്‍ദ് സൈന്യം
X

അല്‍ ഹോള്‍ (സിറിയ): സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ പിടികൂടിയ ഐഎസ് ബന്ധമുള്ള 56,000 പേരെ വിട്ടയക്കുമെന്ന് കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫ്. ഈ വര്‍ഷം അവസാനത്തോടെ 47 രാജ്യങ്ങളില്‍ നിന്നുള്ളവരെ വിട്ടയക്കാന്‍ ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചന നടത്തുകയാണെന്ന് എസ്ഡിഎഫ് വക്താവ് ശെയ്ഖുമസ് അഹമദ് പറഞ്ഞു. വടക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ സ്വയംഭരണം നടത്തുന്ന 'റൊജാവ' എന്ന പ്രദേശത്തെ അല്‍ ഹോള്‍ കാംപില്‍ മാത്രം ഐഎസ് ബന്ധമുള്ളവരും അവരുടെ ബന്ധുക്കളുമായി 40,000ത്തോളം പേരുണ്ട്. ഹസാക്ക പ്രദേശത്തെ ക്യാംപില്‍ 4,500 ഐഎസ് പ്രവര്‍ത്തകരുണ്ട്.

വിദേശികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വിവിധരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന് ശെയ്ഖുമസ് അഹമദ് പറഞ്ഞു. ചില രാജ്യങ്ങള്‍ ഐഎസ് പ്രവര്‍ത്തകരെ തിരികെ കൊണ്ടുപോയിട്ടുണ്ട്. മറ്റുള്ളവരുമായി ചര്‍ച്ച നടക്കുകയാണ്. ഐക്യരാഷ്ട്രസഭയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അല്‍ ഹോള്‍ ക്യാംപിലെ 600 ഇറാഖി പൗരന്‍മാരെ കഴിഞ്ഞ ദിവസം എസ്ഡിഎഫ് വിട്ടയച്ചിരുന്നു. ഇവരെ ഇറാഖി സര്‍ക്കാര്‍ സ്വീകരിച്ചു. ഇനി ഇറാഖിലെ ജയിലില്‍ അടയ്ക്കും. 12,000 പൗരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാഖ് അധികൃതര്‍ എസ്ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. നിരവധി സിറിയക്കാരെയും കഴിഞ്ഞ ദിവസങ്ങളില്‍ വിട്ടയിച്ചിട്ടുണ്ട്.

ഐഎസ് സിറിയയില്‍ മുന്നേറ്റം നടത്തിയ കാലത്ത് എസ്ഡിഎഫിനെ ഉപയോഗിച്ചാണ് യുഎസ് അവരെ നേരിട്ടത്. യുഎസ് വ്യോമസേനയുടെ പിന്തുണയോടെയാണ് എസ്ഡിഎഫ് ഐഎസിനെ തോല്‍പ്പിച്ചത്. എന്നാല്‍, എസ്ഡിഎഫിനെ ഭീകരസംഘടനയായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കി നിരോധിച്ച കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) എന്ന സംഘടനയുടെ ഭാഗമാണ് എസ്ഡിഎഫ് എന്നാണ് തുര്‍ക്കി പറയുന്നത്. അതിനാല്‍ തന്നെ എസ്ഡിഎഫ് പ്രദേശങ്ങളില്‍ തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ സായുധ വിഭാഗങ്ങള്‍ ആക്രമണം നടത്തുന്നുണ്ട്.

അതേസമയം, എസ്ഡിഎഫ് സിറിയന്‍ ദേശീയ സൈന്യത്തില്‍ ലയിക്കണമെന്നണ് ഇടക്കാല സര്‍ക്കാരിന്റെ നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി ആവശ്യപ്പെടുന്നത്. എന്നാല്‍, ഒറ്റക്കൊറ്റക്ക് സൈന്യത്തില്‍ ലയിക്കില്ലെന്നും പ്രത്യേക യൂണിറ്റായി നില്‍ക്കാമെന്നുമാണ് കുര്‍ദുകള്‍ പറയുന്നത്. റൊജാവ പ്രദേശത്തെ സ്വയംഭരണപ്രദേശമായി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒരു ലക്ഷത്തില്‍ അധികം സൈനികരാണ് എസ്ഡിഎഫിനുള്ളത്. യുഎസ് നല്‍കിയ അത്യാധുനിക ആയുധങ്ങളും ഇവരുടെ കൈവശമുണ്ട്.

Next Story

RELATED STORIES

Share it