Sub Lead

സത്യപ്രതിജ്ഞ ചടങ്ങ്: ആളുകളെ പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി

ചടങ്ങില്‍ നിന്നു എംഎല്‍എമാരുടെ ഭാര്യമാരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേക ക്ഷണിതാക്കളുടെയും വിവിധ സംഘടനകളുടെ നേതാക്കളുടെയും പങ്കാളിത്തം കുറയ്ക്കുന്നതിനു ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സത്യപ്രതിജ്ഞ ചടങ്ങ്: ആളുകളെ പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി
X

കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളെ പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി. ചടങ്ങില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥരെ മാത്രമായി പരിമിതപ്പെട്ടുത്തണമെന്നും കോടതി വ്യക്തമാക്കി. ചടങ്ങില്‍ നിന്നു എംഎല്‍എമാരുടെ ഭാര്യമാരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേക ക്ഷണിതാക്കളുടെയും വിവിധ സംഘടനകളുടെ നേതാക്കളുടെയും പങ്കാളിത്തം കുറയ്ക്കുന്നതിനു ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു.

ചടങ്ങില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരമാവധി 350 പേരെ പങ്കെടുക്കുകയുള്ളുവെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. 500 പേരെ പങ്കടുപ്പിച്ച് ചടങ്ങു നടത്തുന്നതില്‍ കോടതി വിയോജിപ്പു പ്രകടിപ്പിച്ചപ്പോഴാണ് പരമാവധി 350 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പങ്കെടുക്കുന്നവരുടെ എണ്ണം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 500 പേര്‍ പങ്കെടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പലരും പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ടെന്നും 350 പേരെ പങ്കടുക്കുകയുള്ളുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. 150 മാധ്യമ പ്രവര്‍ത്തകരടക്കം 500 പേര്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.ഇത് തടയണമെന്നാവശ്യപ്പെട്ടു അഡ്വ. അനില്‍ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ചികില്‍സാ നീതി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി കെ ജെ പ്രിന്‍സും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യനും ഹരജി സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച എല്ലാ ഹരജികളും ചീഫ് ജസറ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ച് തീര്‍പ്പാക്കി.

Next Story

RELATED STORIES

Share it