Sub Lead

'ആത്മകഥ എഴുതുകയാണെങ്കില്‍ പലതും വെളിപ്പെടുത്തേണ്ടിവരും'; ശിവശങ്കറിനെതിരേ ആഞ്ഞടിച്ച് സ്വപ്‌ന സുരേഷ്

ആത്മകഥ എഴുതുകയാണെങ്കില്‍ പലതും വെളിപ്പെടുത്തേണ്ടിവരും; ശിവശങ്കറിനെതിരേ ആഞ്ഞടിച്ച് സ്വപ്‌ന സുരേഷ്
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. താന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കറിനെതിരേ പലതും വെളിപ്പെടുത്തേണ്ടിവരുമെന്ന് സ്വപ്‌ന സുരേഷ് മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ശിവശങ്കറിനെതിരേ സ്വപ്‌ന സുരേഷ് ആഞ്ഞടിച്ചത്. എന്നെ അറിയില്ലെന്ന് പറയുന്ന ആളില്‍നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്. ഞാന്‍ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നു.

ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടിവരും. അത് ഇതിനേക്കാള്‍ ബെസ്റ്റ് സെല്ലിങ് അവാര്‍ഡ് വിന്നിങ് പുസ്തകമാവും. ഇതുവരെ ഞാന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വന്നിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. ശിവശങ്കര്‍ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിലെ തനിക്കെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സ്വപ്‌നയുടെ തുറന്നുപറച്ചില്‍. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്തമുണ്ട്. താന്‍ ഒരു ഇരയാണ്.

എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കര്‍ എഴുതിയെങ്കില്‍ മോശമാണ്. മൂന്നുവര്‍ഷമായി എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റിവയ്ക്കാന്‍ പറ്റാത്ത അംഗമാണ് ശിവശങ്കര്‍. തനിക്ക് കുടുംബാംഗത്തെ പോലെയായിരുന്നു. ശിവശങ്കര്‍ അബോധാവസ്ഥയില്‍ ഒരിക്കലും എന്റെ വീട്ടില്‍നിന്ന് പോയിട്ടില്ല. ഭക്ഷണം കഴിച്ചിട്ടുണ്ട്. കള്ളുകുടിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്നുസംസാരിക്കാറുണ്ട്. സുപ്രധാന തീരുമാനങ്ങളെടുത്തത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ശിവശങ്കര്‍ പറഞ്ഞത് അതേപടി കേട്ടാണ് മുന്നോട്ടുപോയത്.

ജൂലൈ അഞ്ച് വരെയുള്ള എല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞു. ഐടി വകുപ്പില്‍ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നു. 'സ്വപ്‌ന സുരേഷ് അല്ല ലൈഫ് മിഷന്‍ പദ്ധതി ചെയ്യുന്നത്. കേരളത്തിലെ യുഎഇ കോണ്‍സുല്‍ ജനറല്‍ ശിവശങ്കറുമായി ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നു. അദ്ദേഹമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമായിരിക്കില്ല. ഞങ്ങളുടെ പോയിന്റ് ഓഫ് കോണ്‍ടാക്ട് ശിവശങ്കറായിരുന്നു. എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് അവര്‍ പറഞ്ഞുതരേണ്ടതായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം.

അതിനാല്‍, ജോലി മാറാന്‍ നിര്‍ദേശിച്ചുവെന്നും സ്വപ്‌ന വിശദീകരിച്ചു. ഒരു ഐ ഫോണ്‍ കൊടുത്ത് ലൈഫ് മിഷന്‍ പ്രോജക്ടിനെ ചതിക്കേണ്ട ആവശ്യം സ്വപ്‌ന സുരേഷിനില്ല. ഐ ഫോണുകള്‍ യൂനിടാക് സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നല്‍കാന്‍ പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് വീട്ടില്‍ വന്നപ്പോല്‍ ഫോണ്‍ കൊടുത്തു. ജന്‍മദിനത്തില്‍ ഫോണ്‍ മാത്രമല്ല, ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്. താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ല. തന്റെ വ്യക്തിത്വം ചോദ്യംചെയ്ത് ആരും ക്ലീന്‍ ചിറ്റ് നേടേണ്ട. താന്‍ മാത്രം നല്ലതെന്ന് വരുത്താന്‍ ശ്രമിക്കുന്നത് ശരിയാണോ എന്നും സ്വപ്‌ന ചോദിച്ചു.

മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത്. ഔദ്യോഗിക കാര്യങ്ങളിലൂടെ ബന്ധം വളര്‍ന്നു. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. അതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് തെറ്റുചെയ്തത് എന്ന് കോടതി തീരുമാനിക്കട്ടെ. എനിക്ക് പ്രത്യേകിച്ചൊന്നും ഒളിക്കാനില്ല. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. ഭര്‍ത്താവ് ജോലിക്കൊന്നും പോവാതെ ദ്രോഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി വേണമെന്നാവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒരു ഫോണ്‍ കോള്‍ കൊണ്ടാണ് എന്റെ നിയമനം നടന്നത്. ഞാന്‍ ഗവണ്‍മെന്റ് സ്റ്റാഫായിരുന്നില്ല. കണ്‍സള്‍ട്ടന്‍സി സ്റ്റാഫായിരുന്നു.

Next Story

RELATED STORIES

Share it