Sub Lead

'സുവേന്ദു അധികാരി കുറ്റവാളികള്‍ക്ക് താവളമൊരുക്കുന്നു'; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി തൃണമൂല്‍

പ്രാദേശിക പോലീസിന് വിവരം നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷന് കത്തെഴുതിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഡെറക് ഒബ്രിയന്‍ പറഞ്ഞു.

സുവേന്ദു അധികാരി കുറ്റവാളികള്‍ക്ക് താവളമൊരുക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി തൃണമൂല്‍
X

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ മമത ബാനര്‍ജിയുടെ എതിരാളിയായ സുവേന്ദു അധികാരി കുറ്റവാളികളെയും സാമൂഹ്യവിരുദ്ധരെയും സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലും പാര്‍പ്പിക്കുകയാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. പ്രാദേശിക പോലീസിന് വിവരം നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷന് കത്തെഴുതിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഡെറക് ഒബ്രിയന്‍ പറഞ്ഞു.

സുവേന്ദു അധികാരി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ക്രിമിനലുകളെ പാര്‍പ്പിച്ച കേന്ദ്രങ്ങളുടെ വിവരങ്ങളും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്. 'പ്രാദേശികമായി, ഇത് സംബന്ധിച്ച് പോലിസിനെ അറിയിച്ചിട്ടുണ്ട്, എന്നിരുന്നാലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിങ്ങളുടെ മേല്‍നോട്ടത്തില്‍ പോലിസ് അടിയന്തിരമായി ഇടപെടാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

സുവേന്ദു അധികാരി കൊണ്ടുവന്ന് പാര്‍പ്പിച്ച പുറത്തുനിന്നുള്ള എല്ലാ കുറ്റവാളികളെയും മുകളില്‍ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍നിന്നു പിടികൂടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അധികാരിയും കുടുംബവും നിയന്ത്രിക്കുന്ന പൂര്‍ബ മെഡിനിപൂര്‍ ജില്ലയിലെ എല്ലാ സാമൂഹിക വിരുദ്ധരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മീഷന് പാര്‍ട്ടി മറ്റൊരു കത്തും എഴുതിയിട്ടുണ്ട്.

ഒരുകാലത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത സഹായിയായിരുന്ന അധികാരി ഡിസംബറില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 35 വര്‍ഷത്തെ ഇടതു ഭരണം അവസാനിപ്പിച്ച് 2011ല്‍ ബാനര്‍ജിയെ അധികാരത്തിലെത്തിച്ച നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയും മമതാ ബാനര്‍ജിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.

Next Story

RELATED STORIES

Share it