Sub Lead

മഹാരാഷ്ട്രയിലെ വിശ്വാസവോട്ട്; എന്നാണെന്ന് ഇന്നറിയാം

പ്രോടൈം സ്പീക്കറെ സുപ്രിംകോടതി തന്നെ നിയമിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധിയും പ്രതിപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ വിശ്വാസവോട്ട്; എന്നാണെന്ന് ഇന്നറിയാം
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ അനുവദിച്ച സമയത്തിനുമുമ്പ് വിശ്വാസവോട്ട് നടക്കുമോയെന്ന് ഇന്നറിയാം. ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജിയില്‍ ഇന്ന് രാവിലെ 10.30ന്് കോടതി വിധി പറയും. പ്രോടൈം സ്പീക്കറെ സുപ്രിംകോടതി തന്നെ നിയമിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധിയും പ്രതിപക്ഷം മുന്നോട്ട് വച്ചു.

വിശ്വാസവോട്ടെടുപ്പിന് 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. നിയമസഭയില്‍ കൈകടത്താന്‍ കോടതിക്ക് അവകാശമില്ലെന്നും ഫട്‌നാവിസിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചിരുന്നു.

170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും അതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു വിശദമായി പരിശോധിച്ചാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് വാദംകേട്ടത്. അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എന്‍സിപിയുടെ 54 അംഗങ്ങള്‍ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്‌നവിസ് കത്തുനല്‍കിയത്.

ബിജെപിയുടെ 105 അംഗങ്ങള്‍കൂടി ചേരുമ്പോള്‍ 170 പേരുടെ പിന്തുണ കണക്കാക്കിയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്‌നവിസിനെ ക്ഷണിച്ചത്. 54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്‌നവിസ് ഗവര്‍ണര്‍ മുമ്പാകെ അവകാശപ്പെട്ടത്. എന്നാല്‍, എന്‍സിപി അംഗങ്ങളുടെ പിന്തുണ, അജിത് പവാറിനെ നേതാവാക്കാന്‍ നല്‍കിയതാണോ അതോ ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നല്‍കിയതാണോയെന്ന വ്യക്തമായ ഉത്തരം തിങ്കളാഴ്ച കോടതിക്കു ലഭിച്ചിട്ടില്ല.

അതേസമയം മഹാരാഷ്ട്രയില്‍ 162 എംഎല്‍എമാരെ അണിനിരത്തി ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തി. മുംബൈയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്നലെ മുഴുവന്‍ എംഎല്‍എമാരെയും കോണ്‍ഗ്രസും ശിവസേനയും എത്തിച്ചപ്പോള്‍ എന്‍സിപിയുടെ 51 എംഎല്‍എമാരാണ് എത്തിയത്. 162 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് രാവിലെ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് വൈകിട്ട് സ്വകാര്യ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തിയത്. ശരത് പവാര്‍ ഉദ്ധവ് താക്കറെ സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയോട് വിശ്വസ്തനായിരിക്കുമെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമായിരുന്നു സത്യപ്രതിജ്ഞ. അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമം എന്‍സിപി ഇപ്പോഴും തുടരുന്നുണ്ട്.

Next Story

RELATED STORIES

Share it