Big stories

പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് അബ്ദുര്‍ റസാഖിന് ഇഡി കേസില്‍ സുപ്രിം കോടതിയുടെ ജാമ്യം

പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് അബ്ദുര്‍ റസാഖിന് ഇഡി കേസില്‍ സുപ്രിം കോടതിയുടെ ജാമ്യം
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് അബ്ദുര്‍ റസാഖിന് സുപ്രിം കോടതിയുടെ ജാമ്യം. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരിച്ച് വെളുപ്പിച്ചെന്ന് ആാരോപിച്ച് പിഎംഎല്‍എ നിയമപ്രകാരം യുപിയിലെ ജയിലിലടച്ച കേസിലാണ് അബ്ദുര്‍ റസാഖ് പീടിയക്കലിന് ജാമ്യം അനുവദിച്ചത്. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിചാരണ പൂര്‍ത്തിയാവുന്നതുവരെ ഉത്തര്‍പ്രദേശ് സംസ്ഥാനം വിട്ടുപോവരുതെന്നുമുള്ള ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അബ്ദുര്‍ റസാഖ് സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ച കാര്യവും സുപ്രിം കോടതി ചൂണ്ടാക്കാട്ടി.

ജാമ്യാപേക്ഷയെ ഇഡിക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ശക്തമായി എതിര്‍ത്തു. ഇവരുടെ കേസുകളില്‍ നല്‍കിയ അപ്പീലില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതിനായി പണം പിരിച്ചതായി ആരോപണമുണ്ടെന്നും വാദിച്ചെങ്കിലും സുപ്രിംകോടതി മുഖവിലയ്‌ക്കെടുത്തില്ല. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാമെന്നും ജസ്റ്റിസ് ബൊപ്പണ്ണ അഭിപ്രായപ്പെട്ടു. നേത്തേ, ജാമ്യം ലഭിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഇടപെടല്‍ വ്യത്യസ്തമാണെന്നും റസാഖിന്റെ പങ്ക് വളരെ ഗുരുതരമാണെന്നും എഎസ്ജി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

2021 ഡിസംബറിലാണ് പ്രവാസി വ്യവസായിയായ അബ്ദുര്‍റസാഖ് പീടിയക്കലിന്റെ വസതിയിലും മൂന്നാര്‍ വില്ല വിസ്ത പ്രൊജക്റ്റ്(എംവിവിപി) സൈറ്റിലും ഇഡി സംഘം പരിശോധന നടത്തിയത്. അബൂദബിയില്‍ ഹോട്ടല്‍ വ്യവസായം ഉള്‍പ്പെടെയുള്ള ഇദ്ദേഹം വിദേശത്ത് നിന്ന് സംശയാസ്പദമായ രീതിയില്‍ ഫണ്ട് സ്വീകരിച്ചെന്നും മറ്റുമായിരുന്നു ഇഡിയുടെ ആരോപണം. തുടര്‍ന്ന് റസാഖിനെ അറസ്റ്റ് ചെയ്യുകയും ലഖ്‌നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അബ്ദുര്‍ റസാഖും കൂട്ടുപ്രതികളും പിഎഫ്‌ഐയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലും വിദേശത്തും പണം സ്വരൂപിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആരോപണം.

Next Story

RELATED STORIES

Share it