Sub Lead

തെക്കന്‍ ഖാര്‍ത്തൂം വിമതരില്‍ നിന്ന് പിടിച്ചെടുത്ത് സുഡാന്‍ സൈന്യം

തെക്കന്‍ ഖാര്‍ത്തൂം വിമതരില്‍ നിന്ന് പിടിച്ചെടുത്ത് സുഡാന്‍ സൈന്യം
X

ഖാര്‍ത്തൂം: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ തെക്കന്‍പ്രദേശങ്ങള്‍ വിമതരില്‍ നിന്നും പിടിച്ചെടുത്ത് സൈന്യം. ഖാര്‍ത്തൂമിലെ അതിസമ്പന്നമായ ഖഫൗരി അടക്കമുള്ള പ്രദേശങ്ങളാണ് ആര്‍എസ്എഫ് എന്ന വിമതസൈന്യത്തില്‍ നിന്നും സൈന്യം പിടിച്ചെടുത്തത്. 2023ല്‍ സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള സൈന്യത്തിന്റെ പ്രധാനവിജയങ്ങളിലൊന്നാണ് ഇതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആര്‍എസ്എഫ് നേതാവ് മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയുടെ സഹോദരനും ഡെപ്യൂട്ടി കമാന്‍ഡറുമായ അബ്ദുല്‍ റഹിം ഡാഗ്ലോയുടെ സ്വത്തെല്ലാം പിടിച്ചെടുത്തതായി സൈനിക വക്താവ് നബില്‍ അബ്ദുല്ല സ്ഥിരീകരിച്ചു.

ഖഫൗരിക്ക് സമീപമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായും നബില്‍ അബ്ദുല്ല പറഞ്ഞു. ആ പ്രദേശങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആര്‍എസ്എഫ് പരാജയത്തിന്റെ വക്കിലായതോടെ സുഡാനില്‍ പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സെനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന വിശാലമായ ഒരു രാഷ്ട്രീയ പരിവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സുഡാനിലെ ദാര്‍ഫര്‍ പ്രദേശത്തെ കലാപത്തെ നേരിടാന്‍ നേരത്തെ സര്‍ക്കാര്‍ ആര്‍എസ്എഫിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇരുകൂട്ടരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 2023 ഏപ്രിലില്‍ ഏറ്റുമുട്ടല്‍ തുടങ്ങുകയും വാദ് മദാനി നഗരം ആര്‍എസ്എഫ് പിടിച്ചെടുക്കുകയുമായിരുന്നു. ഈ നഗരം കഴിഞ്ഞ വര്‍ഷം സുഡാന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ആര്‍എസ്എഫിന് യുഎഇയുടെ പിന്തുണയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it