Sub Lead

'ഇങ്ങനെയൊരു ആണ്‍കുട്ടി താനൂരില്‍ പിന്നെ പിറന്നിട്ടില്ല'; ശഹീദ് കുഞ്ഞിക്കാദര്‍ തൂക്കുമരത്തിലേറിയിട്ട് ഇന്നേക്ക് 99 വര്‍ഷം

നാടും നാട്ടുകാരും മറന്നു പോയ ആ ധീരനായ വിപ്ലവകാരി 99 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് (ആഗസ്ത് 20) താനൂരിന്റെ മണ്ണില്‍ നിന്ന് തൂക്ക് മരത്തിലേക്ക് യാത്രയായത്.

ഇങ്ങനെയൊരു ആണ്‍കുട്ടി താനൂരില്‍ പിന്നെ പിറന്നിട്ടില്ല; ശഹീദ് കുഞ്ഞിക്കാദര്‍ തൂക്കുമരത്തിലേറിയിട്ട് ഇന്നേക്ക് 99 വര്‍ഷം
X

ഹമീദ് പരപ്പനങ്ങാടി

താനൂര്‍: 'തനിക്കൊരു ആണ്‍കുട്ടി പിറക്കുകയാണങ്കില്‍ അവനെയും സ്വാതന്ത്ര്യ സമര സേനാനിയാക്കണം'-ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ കുഞ്ഞിക്കാദറെന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ താനൂരിലെ ഒരു മല്‍സ്യത്തൊഴിലാളിയുടെ വാക്കുകളാണിത്. നാടും നാട്ടുകാരുംമറന്നു പോയ ആ ധീരനായ വിപ്ലവകാരി 99 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് (ആഗസ്ത് 20) താനൂരിന്റെ മണ്ണില്‍ നിന്ന് തൂക്ക് മരത്തിലേക്ക് യാത്രയായത്.

മലബാര്‍ സമരത്തില്‍ രക്തം കൊണ്ട് ചരിത്രം രചിച്ച ശഹീദ് കുഞ്ഞിക്കാദര്‍ പക്ഷെ ചരിത്രത്തിലൊരിടത്തും ഇടംപിടിച്ചില്ല. ഹംസ ആലുങ്ങലിനെ പോലുള്ളവരുടെ ചരിത്രസ്മൃതികള്‍ മാത്രമാണ് പുതുതലമുറയ്ക്ക് ഈ ചരിത്രപുരുഷനിലേക്കുള്ള ഒരു പാലമായി വര്‍ത്തിക്കുന്നത്. 1881ലാണ് അബ്ദുര്‍റഹിമാന്‍ സാഹിബിന്റെയും ആയിശകുട്ടിയുടെയും മകനായി താനൂരില്‍ കുഞ്ഞിക്കാദര്‍ ജനിച്ചത്. തമിഴ്, അറബി, ഉര്‍ദു ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം മത മൈത്രിക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു.

കുഞ്ഞിക്കാദറിന്റെ തറവാട്‌

ഇമിവളപ്പില്‍ കുഞ്ഞിമുസ്‌ല്യാരുടെ പീടിക കുത്തിത്തുറന്ന് അത് ഹിന്ദുക്കളുടെ തലയില്‍ വെച്ചുകെട്ടാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം തകര്‍ത്തത് ആലിക്കുട്ടിയുടെ അവസരോചിതമായ ഇടപെടലില്‍ ആയിരുന്നു. ഇത്തരം നെറികേടുകള്‍ക്കെതിരേ അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വെള്ളക്കാരുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.

അതിനിടെയാണ് 1921 ആഗസ്ത് 19ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് പള്ളിയും പരിസരത്തുള്ള വീടുകളും പരിശോധിച്ച് ഖിലാഫത്തുകാരെ അറസ്റ്റ് ചെയ്യാന്‍ പേലിസ് മേധാവികളും കലക്ടറും ശ്രമിച്ചത്.ഇത് പരാജയപ്പെട്ടപ്പോള്‍ തിരൂരങ്ങാടി പള്ളിയും മമ്പുറം ജാറവും പട്ടാളം നിലം പരിശയാക്കിയെന്ന കള്ളക്കഥ വെള്ളക്കാര്‍ പ്രചരിപ്പിച്ചു. നിജസ്ഥിതിയറിയാന്‍ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് ഖിലാഫത്ത് പ്രവര്‍ത്തകര്‍ ആയുധങ്ങളുമേന്തി തിരൂരങ്ങാടിയിലേക്ക് പ്രവഹിച്ചു.

താനൂരില്‍ നിന്ന് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പേരാണ് ഇവിടേക്ക് പുറപ്പെട്ടത്. പൂരപ്പുഴ നീന്തിക്കടന്ന് പന്താരങ്ങാടിയെത്തിയ സംഘത്തെ ഹിച്ച് കോക്കിന്റെയും മെക്കന്റോയുടെയും നേതൃത്വത്തിതലുള്ള സൈന്യം തടയുകയും മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ക്കുകയും ചെയ്തു.

ഖിലാഫത്ത് കൊടിയുമായി മുന്നിലുണ്ടായിരുന്ന കാസ്മി എന്ന യുവാവ് വെടിയേറ്റു തല്‍ക്ഷണം മരിച്ചു. നിരവധി പേര്‍ അവിടെ മരിച്ചുവീണു.ബ്രിട്ടീഷുകാരുടെ പിടിയിലായവര്‍ക്കു മേല്‍ പോലീസ് സ്‌റ്റേഷന്‍ അക്രമണം, റെയില്‍ ട്രാക്കുകള്‍ നശിപ്പിക്കല്‍, വാര്‍ത്താവിതരണ സംവിധാനം തകര്‍ക്കല്‍, ആയുധ സന്നാഹത്തോടെ സംഘം ചേരല്‍ തുടങ്ങി കെട്ടിച്ചമച്ച രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി മരിക്കുന്നത് വരെ തൂക്കിലേറ്റാനും ബ്രിട്ടീഷ് കോടതി വിധിച്ചു.

ചരിത്രകാരന്‍മാരില്‍ ചിലര്‍ കുഞ്ഞിക്കാദറിനെ തൂക്കിലേറ്റിയത് ഫെബ്രുവരി 26ന് ആണ് തൂക്കിലേറ്റിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ രജിസ്റ്റര്‍ പ്രകാരം 1921 ഫെബ്രുവരി 20ന് ആണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്.

കൊലക്കയര്‍ കഴുത്തില്‍ മുറുകുമ്പോഴും 'ഇന്ത്യയുടെ സ്വാതന്ത്യം' എന്നുദ്‌ഘോഷിച്ച ആ പോരാളി ഓര്‍ക്കാന്‍ പലര്‍ക്കും കഴിയാതെ പോയി. പട്ടാളക്കോടതിയില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിന് മുമ്പ് അദ്ദേഹം നല്‍കിയ മൊഴി മാത്രം മതി അദ്ധേഹത്തിന്റെ രാജ്യസ്‌നേഹം മനസ്സിലാക്കാന്‍.

'ഞാന്‍ താനൂരില്‍ നിന്ന് തിരൂരങ്ങാടിക്ക് പുറപ്പെടുമ്പോള്‍ എന്റെ ഭാര്യ ഗര്‍ഭവതിയാണ്. അടുത്തമാസം അവള്‍ പ്രസവിക്കും. അവള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവനേയും ഞാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായി രംഗത്ത് വരാന്‍ പരിശീലിപ്പിക്കും' എന്നതായിരുന്നു ആ ധീര ദേശാഭിമാനിയുടെ മൊഴി.

പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളേയും നിറവയറുമായി നില്‍ക്കുന്ന ഭാര്യയും തനിച്ചാക്കിയാണ് അദ്ദേഹം സ്വാതന്ത്ര്യസമര രണാങ്കണത്തിലേക്ക് എടുത്ത് ചാടിയത്. 1920 ആഗസ്ത് 20ന് പുലര്‍ച്ചെയാണ് അദ്ദേഹം വീടിന്റെ പടികളിറങ്ങിയത്. ഭര്‍ത്താവിനെ യാത്രയാക്കുമ്പോള്‍ ഭാര്യയുടെ മുഖത്തും ആശങ്കകളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയിരുന്നു. എങ്കിലും അദ്ദേഹം വരുമെന്ന് തന്നെ അവര്‍ വിചാരിച്ചു. വൈകിയാലും വരാതിരിക്കില്ലെന്ന പ്രതീക്ഷയില്‍ ആ ഉമ്മയും മക്കളും കാത്തിരുന്നു.

ഉടനെ മടങ്ങിവരാം, പടച്ചോനോട് പ്രാര്‍ഥിക്ക് എന്ന് ഭാര്യയോട് പറഞ്ഞാണദ്ദേഹം തിരൂരങ്ങാടിയിലേക്ക് ആളെക്കൂട്ടാന്‍ ഇറങ്ങിയത്. തലേന്ന് രാത്രിയിലും അതിനുവേണ്ടിയായിരുന്നു ഓടിപ്പാഞ്ഞിരുന്നത്. പിന്നീട് ഭാര്യ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ജയിലില്‍ വച്ചാണ് അദ്ദേഹമറിഞ്ഞത്. കലാപത്തില്‍ പങ്കുകൊണ്ടവരെയെല്ലാം ഏകപക്ഷീയമായാണ് വിചാരണ ചെയ്തത്. അവര്‍ക്ക് പറയാനുള്ളതൊന്നും ബ്രിട്ടീഷ് അധികാരികള്‍ക്ക് കേള്‍ക്കണമായിരുന്നില്ല. ജീവനില്‍കൊതിയുള്ളവരൊക്കെ രക്ഷപ്പെടാന്‍ പഴുതുകള്‍ അന്വേഷിക്കുമ്പോഴും കുഞ്ഞിക്കാദറിന് കുലുക്കമുണ്ടായില്ല.തൊട്ടുമുന്നില്‍ മരണം കിടന്ന് പിടക്കുന്നുണ്ടെന്നതു തീര്‍ച്ചയായിക്കഴിഞ്ഞിരുന്നു. എന്നിട്ടും നെഞ്ച് പിടച്ചില്ല. പതറാതെയാണ് തൂക്കുകയറിന് മുമ്പിലേക്ക് പുഞ്ചിരിയോടെ നടന്നടുത്തത്. ആ ധീരതയുടെ ആള്‍രൂപത്തെയാണ് ചരിത്രകാരന്‍മാര്‍ വേണ്ടരീതിയില്‍ കാണാതെ പോയത്.

ഇത്രയധികം ഉശിരും രാജ്യസ്‌നേഹവും നിറഞ്ഞ ഒരാണ്‍കുട്ടിയെ കുഞ്ഞിക്കാദറിന് ശേഷം താനൂരിലെ ഒരുസ്ത്രീയും പ്രസവിച്ചിട്ടില്ലെന്നാണ് മലബാര്‍ ലഹളയെക്കുറിച്ച് പുസ്തകം എഴുതിയ പണ്ഡിതനായ കെ കോയട്ടി മൗലവിയെ ഉദ്ധരിച്ച് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ ഹസനാര്‍കുട്ടി ഒരു ലേഖനത്തില്‍ സ്മരിക്കുന്നുണ്ട്.

ഉമൈത്താനകത്ത് പുത്തന്‍ വീട്ടില്‍ കുഞ്ഞിക്കാദര്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ഗുരുവര്യനും പണ്ഡിതനുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരിലൂടെയാണ് കുഞ്ഞാക്കാദര്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. പിറന്നനാടിന്റെ മോചനം മാത്രം സ്വപ്‌നംകണ്ട് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇച്ഛാശക്തിയോടെ പടനയിച്ച ആ പോരാളിയുടെ ജീവിതം അതുല്യമാണ്. മലബാറിലെ ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധനായിരുന്നു കുഞ്ഞിക്കാദര്‍. താനൂരില്‍ അദ്ദേഹത്തിന്റേയും പരീക്കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തിലായിരുന്നു ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. വീണ്ടും ഒരു ആഗസ്റ്റ് 20 കടന്ന് പോവുമ്പോള്‍ ഈ ധീരദേശാഭിമാനിയെ ഓര്‍ക്കാതെ പോവുന്നത് ചരിത്രത്തോട് ചെയ്യുന്ന വലിയ പാതകമായിരിക്കും തീര്‍ച്ച.

Next Story

RELATED STORIES

Share it