Sub Lead

ബിജെപിയിലെ ഭിന്നത: കേന്ദ്രനേതൃത്വം ഇടപെട്ടിട്ടും ഫലംകണ്ടില്ല; തിരഞ്ഞെടുപ്പിന് മുന്‍പ് തീര്‍ക്കണമെന്ന് ആര്‍എസ്എസ്

കെ.സുരേന്ദ്രന്‍ അധ്യക്ഷനായത് മുതലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പരസ്യ പ്രതികരണത്തിലേക്കെത്തിയിരിക്കുകയാണ്.

ബിജെപിയിലെ ഭിന്നത: കേന്ദ്രനേതൃത്വം ഇടപെട്ടിട്ടും ഫലംകണ്ടില്ല;    തിരഞ്ഞെടുപ്പിന് മുന്‍പ് തീര്‍ക്കണമെന്ന് ആര്‍എസ്എസ്
X

കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിലെ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും ഫലം കണ്ടില്ല. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ പി എം വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. എന്നാല്‍, പ്രശ്‌നത്തിന് പരിഹാരമായില്ല. അഭിപ്രായ ഭിന്നതയുള്ള പി എം വേലായുധന്‍ അടക്കമുള്ളവരുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ സംസാരിച്ചെങ്കിലും ഇടഞ്ഞുതന്നേയാണ് നില്‍ക്കുന്നത്. ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പി എം വേലായുധന്‍.

ഇതോടെ ബിജെപിയിലെ തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസ് ഇടപെട്ടിരിക്കുകയാണ്. കെ സുരേന്ദ്രന്‍ പക്ഷത്തോട് പ്രശ്‌നം പരിഹരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശം.

സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ പറയുന്നു.

'മക്കള്‍ വളര്‍ന്ന് അവരൊരു നിലയിലെത്തുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളിലിരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ നിരന്തരം ഫോണില്‍ വിളിച്ചത്. അദ്ദേഹം ഫോണെടുത്തില്ല. ഈ നിമിഷം വരെ അദ്ദേഹം എന്നെ തിരിച്ച് വിളിച്ചിട്ടുമില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്' പി.എം.വേലായുധന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയില്‍ സമരം ചെയ്ത് രണ്ടു തവണ ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. ഒരാശയത്തില്‍ ഉറച്ച് നിന്നവരാണ്. എന്നാലിന്ന് വളരെ വേദനയുണ്ടെന്നും പറഞ്ഞ് പി എം വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപൊട്ടി.

തന്നെ തഴഞ്ഞതിലും ഒതുക്കിയതിലുമുള്ള അതൃപ്തി കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനും പരസ്യമാക്കിയിരുന്നു. കെ.സുരേന്ദ്രനെതിരെ തന്നെയായിരുന്നു ശോഭയുടെ വിമര്‍ശനവും. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭിന്നതയാണ് ഇപ്പോള്‍ ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്. കെ.സുരേന്ദ്രന്‍ അധ്യക്ഷനായത് മുതലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പരസ്യ പ്രതികരണത്തിലേക്കെത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it