ശ്രീലങ്കയില്‍ കര്‍ഫ്യൂ; 13 പേരെ അറസ്റ്റ് ചെയ്തു

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയോ ആരെങ്കിലും അവകാശവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല.

ശ്രീലങ്കയില്‍ കര്‍ഫ്യൂ; 13 പേരെ അറസ്റ്റ് ചെയ്തു

കൊളംബോ: ഞായറാഴ്ച്ച രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഡംബര ഹോട്ടലുകളും ഈസ്റ്റര്‍ ആഘോഷം നടക്കുന്ന ചര്‍ച്ചുകളും ലക്ഷ്യമിട്ട് എട്ട് സ്‌ഫോടനങ്ങളാണ് നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയോ ആരെങ്കിലും അവകാശവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല.

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച്ച വൈകി കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനടുത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. എട്ടടി നീളമുള്ള പിവിസി പൈപ്പിനകത്ത് നിറച്ച നിലയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെന്ന് വക്താവ് ജിഹാന്‍ സെനവിരാത്‌നെ പറഞ്ഞു.

രാവിലെ പ്രാദേശിക സമയം 8.45ഓടെയാണ് ആദ്യ സ്‌ഫോടനം നടന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ് സ്‌ഫോടനങ്ങള്‍ നടക്കുകയായിരുന്നു. നെഗോംബോ, ബത്തിക്കലോവ, കൊളംബോ കൊച്ചിക്കാഡെ ജില്ലകളിലുള്ള ചര്‍ച്ചുകള്‍ക്കു നേരെയാണ് ഈസ്റ്റര്‍ ആഘോഷത്തിനിടെ ആക്രമണമുണ്ടായത്. ഷാന്‍ഗ്രി ലാ, കിങ്‌സ്ബറി, സിന്നമോണ്‍ ഗ്രാന്‍ഡ് എന്നീ ആഡംബര ഹോട്ടലുകളിലാണ് സ്‌ഫോടനം നടന്നത്. പോലിസ് അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതിടെയായിരുന്നു അടുത്ത രണ്ട് സ്‌ഫോടനങ്ങള്‍. ദക്ഷിണ കൊളംബോയിലെ ദെഹിവാല മൃഗശാലയ്ക്കു സമീപമായിരുന്നു ഒരു സ്‌ഫോടനം. കൊളംബോയ്ക്ക് സമീപം ദെമതാഗോഡ ജില്ലയില്‍ പോലിസ് റെയ്ഡ് നടക്കുന്നിടെയാണ് എട്ടാമത്തെ പൊട്ടിത്തെറി നടന്നത്. ഇവിടെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ പേരില്‍ പോലിസ് 13 പേരെ അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങളില്‍ ചാവേറാക്രമണങ്ങളാണ് നടന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ അവഗണിക്കപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍, തന്നെയോ മറ്റു മന്ത്രിമാരെയോ അങ്ങിനെയൊരു വിവരം അറിയിച്ചിട്ടില്ലെന്നും എന്തുകൊണ്ട് ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടില്ലെന്ന കാര്യം പരിശോധിക്കുമെന്നും ഞായറാഴ്ച്ച വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗീസ്, ഇന്ത്യ, തുര്‍ക്കി, നെതര്‍ലന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 36 വിദേശരാജ്യക്കാര്‍ കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് ബണ്ടാരനായകെ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. ചെക്ക്‌പോയിന്റുകളില്‍ ബോര്‍ഡിങ് പാസുകള്‍ക്കു പുറമേ തിരിച്ചറിയല്‍ രേഖകളും കാണിക്കണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എത്തണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

2009ല്‍ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം ശ്രീലങ്കയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഞായറാഴ്ച്ചത്തേത്. 26 വര്‍ഷം തമിഴ്ജനതയ്ക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് നടത്തിയ ആഭ്യന്തര യുദ്ധം തമിഴ് പുലികള്‍ പരാജയപ്പെട്ടതോടെയാണ് അവസാനിച്ചത് 80,000ഓളം പേരാണ് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

2018 മാര്‍ച്ചില്‍ രാജ്യത്തെ ഭൂരിപക്ഷവിഭാഗമായ ബുദ്ധമതക്കാര്‍ മസ്ജിദുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ക്കും നേരെ വ്യാപകമായി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top