Sub Lead

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പായി; താക്കീതുമായി പി ജെ ജോസഫ്

അവസാന നിമിഷത്തിലും അനുനയ നീക്കങ്ങളുമായി മുസ്‌ലിം ലീഗും കോണ്‍ഗ്രസും രംഗത്തുണ്ട്

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പായി; താക്കീതുമായി പി ജെ ജോസഫ്
X

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് ഉറപ്പായി. ജോസ് കെ മാണി കോട്ടയത്ത് ഉച്ചയ്ക്ക് വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. അതേസമയം, യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ താക്കീതുമായി പി ജെ ജോസഫ് രംഗത്തെത്തി. അതിനിടെ, അവസാന നിമിഷത്തിലും അനുനയ നീക്കങ്ങളുമായി മുസ്‌ലിം ലീഗും കോണ്‍ഗ്രസും രംഗത്തുണ്ട്. പിളര്‍പ്പ് ഒഴിവാക്കാന്‍ ഇരുവിഭാഗവുമായും നേതാക്കള്‍ ഫോണിലും അല്ലാതെയും ബന്ധപ്പെടുന്നുണ്ടെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണു സൂചന. പാര്‍ട്ടി ചെയര്‍മാന്റെ അഭാവത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തം വര്‍ക്കിങ് ചെയര്‍മാനായ തനിക്കാണെന്നും പി ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമുള്ളത് തനിക്ക് മാത്രമാണ്. അതല്ലാതെ കമ്മിറ്റി വിളിക്കുന്നത് അനധികൃതമാണ്. അത് നിയമാനുസൃതമല്ല. ജോസ് കെ മാണി സ്വയം പുറത്തുപോവുന്നതിന് തുല്യമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. തെറ്റിദ്ധാരണ കാരണം പലരും പോവും. അവരൊക്കെ തിരിച്ചുവരും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് കോട്ടയത്തെ പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തിനുശേഷമാണ് ജോസ് കെ മാണി സംസ്ഥാന കമ്മിറ്റി യോഗം വിളിക്കുമെന്നു പ്രഖ്യാപിച്ചത്. സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സമിതിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട രേഖാമൂലമുള്ള കത്ത് ജൂണ്‍ മൂന്നിന് വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ യോഗം വിളിക്കാത്തതിനാലാണ് ഇത്തരമൊരു ബദല്‍ യോഗം വിളിക്കേണ്ടി വന്നതെന്നുമാണ് ജോസ് കെ മാണി പക്ഷത്തിന്റെ വാദം. കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, യോഗം അനധികൃതവും ചട്ടലംഘനവുമാണെന്ന് പി ജെ ജോസഫ് വിഭാഗം ആവര്‍ത്തിക്കുന്നത്.



Next Story

RELATED STORIES

Share it