Sub Lead

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്തില്‍ വിവാഹം, വൈറലായി വീഡിയോ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സംഭവം വിവാദമായതോടെ ഡിജിസിഎ സ്‌പൈസ് ജെറ്റിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ലൈനില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്നും പൂര്‍ണറിപോര്‍ട്ടാണ് തേടിയിരിക്കുന്നത്. വിമാനത്തിലെ ക്രൂവിനെ ജോലിയില്‍നിന്ന് നീക്കിയിട്ടുണ്ട്. കൊവിഡിന് പ്രോട്ടോക്കോള്‍ ലംഘിച്ചവര്‍ക്കെതിരേ പരാതി നല്‍കാന്‍ സ്‌പൈസ് ജെറ്റിനോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്തില്‍ വിവാഹം, വൈറലായി വീഡിയോ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
X

മധുര: കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തി വിമാനത്തിനുള്ളില്‍ അരങ്ങേറിയ വിവാഹത്തിന്റെ വീഡിയോ വൈറലായി. മധുരയില്‍നിന്ന് തൂത്തുക്കുടിയിലേയ്ക്കുള്ള സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിലാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടന്ന ആകാശവിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.

മെയ് 31 വരെ ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടുന്നതായി കഴിഞ്ഞ ശനിയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് മുന്നോടിയായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരുദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച സ്വകാര്യമായി സംഘടിപ്പിച്ച വിവാഹച്ചടങ്ങ് മെയ് 23ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ വീഡിയോ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആകാശ കല്യാണം ചര്‍ച്ചയായത്. യാത്രാമധ്യേ വിമാനത്തില്‍ രാകേഷ് ദക്ഷിണയുടെ കഴുത്തില്‍ താലിചാര്‍ത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും കാമറാമാന്‍മാരും നില്‍ക്കുന്നത് കാണാം. പലരും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ട്.

പലരും യുവദമ്പതികളോട് പുഞ്ചിരിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. വിമാനത്തിനുള്ളില്‍ ആളുകളിരിക്കുന്നതും ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. ഇവരാരും മാസ്‌ക് ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്‌നാട് സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡിജിസിഎ സ്‌പൈസ് ജെറ്റിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ലൈനില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്നും പൂര്‍ണറിപോര്‍ട്ടാണ് തേടിയിരിക്കുന്നത്.

വിമാനത്തിലെ ക്രൂവിനെ ജോലിയില്‍നിന്ന് നീക്കിയിട്ടുണ്ട്. കൊവിഡിന് പ്രോട്ടോക്കോള്‍ ലംഘിച്ചവര്‍ക്കെതിരേ പരാതി നല്‍കാന്‍ സ്‌പൈസ് ജെറ്റിനോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവര്‍ക്കെതിരേ നിയമനടപടിയുണ്ടാവുമെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന 130 യാത്രക്കാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായാണ് ദമ്പതികള്‍ അവകാശപ്പെടുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. മധുരയിലുള്ള ട്രാവല്‍ ഏജന്റാണ് ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തത്.

വിവാഹച്ചടങ്ങിനെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ഇവരോട് കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നെന്നും ഒരു ആഘോഷത്തിനും അനുമതി നല്‍കിയിരുന്നില്ലെന്നും മധുര എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സെന്തില്‍ വലവന്‍ പറഞ്ഞു. വിവാഹത്തിനുശേഷമുള്ള യാത്രയാണെന്ന് പറഞ്ഞാണ് ട്രാവല്‍ ഏജന്റ് മെയ് 23ന് വിമാനം ബുക്ക് ചെയ്തതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് അവരോട് വ്യക്തമാക്കിയിരുന്നതാണ്. ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും യാത്രക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും എയര്‍ലൈന്‍സ് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it