കേന്ദ്രമന്ത്രിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസ്: സാമൂഹിക പ്രവര്‍ത്തക അറസ്റ്റില്‍

കേന്ദ്രമന്ത്രിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസ്: സാമൂഹിക പ്രവര്‍ത്തക അറസ്റ്റില്‍

ലഖ്‌നോ: കേന്ദ്രമന്ത്രി മഹേഷ് ശര്‍മയെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തക ഉഷ താകൂര്‍ അറസ്റ്റില്‍. തന്റെ മുതിര്‍ന്ന സഹോദരിയെന്നാണു നിരവധി വേദികളില്‍ ഉഷ താകൂറിനെ മഹേഷ് ശര്‍മ തന്നെ വിശേഷിപ്പിച്ചിരുന്നത്. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണു ഉഷ താകൂറിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഹിന്ദി കവി രാംദാരി സിങ് ദിനകറിന്റെ സഹോദരന്റെ പേരക്കുട്ടിയും 60കാരിയുമായ താകൂറിനെ സ്വവസതിയില്‍ നിന്നാണു അറസ്റ്റ് ചെയ്തത്. കേസിലുള്‍പെട്ട മൂന്നു പേരെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പൂട്ടിയ പ്രാദേശിക ചാനല്‍ മേധാവി അലോക് കുമാര്‍, സഹായി നിഷ, ഖാലിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു ഉഷക്കെതിരേ തെളിവു ലഭിച്ചതെന്നു പോലിസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനു മുമ്പ് സ്റ്റിങ് ഓപറേഷന്‍ എന്ന നിലയില്‍, മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പുറത്തു വിടുമെന്നും വീഡിയോ പുറത്തു വിടാതിരിക്കണമെങ്കില്‍ രണ്ടു കോടി നല്‍കണമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്നാണു കേസ്. അലോക് കുമാറിന്റെ നേതത്ത്വത്തിലുള്ള സംഘമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നു നോയിഡ സീനിയര്‍ പോലിസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.

മന്ത്രിയുടെ സഹോദരന്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ ഉഷ താകൂറിനെ കുറിച്ചു പരാമര്‍ശിക്കുക പോലും ചെയ്തിരുന്നില്ലെന്നും വിശദാന്വേഷണത്തില്‍ ഉഷക്കു ഗൂഡാലോചനയില്‍ പ്രധാന പങ്കുള്ളതായി വ്യക്തമാവുകയായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയ ഉഷയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

RELATED STORIES

Share it
Top