Sub Lead

സിറാജുന്നീസയെ പോലിസ് വെടിവച്ച് കൊന്നിട്ട് 34 വര്‍ഷം

സിറാജുന്നീസയെ പോലിസ് വെടിവച്ച് കൊന്നിട്ട് 34 വര്‍ഷം
X

പാലക്കാട്: പാലക്കാട് പുതുപള്ളിത്തെരുവില്‍ സിറാജുന്നീസ എന്ന ഒമ്പതുകാരിയെ പോലിസ് വെടിവച്ച് കൊന്നിട്ട് 34 വര്‍ഷം. വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നിസയുടെ ചെവിയിലൂടെ തുളച്ചു കയറി തലയോട്ടി പിളര്‍ന്ന കേരള പോലിസിന്റെ ആ വെടിയുണ്ട നീതി നിഷേധിക്കപ്പെ ഒരു സമുദായത്തിന്റെ ഇടനെഞ്ചിലാണ് ഇപ്പോഴും തറച്ചു നില്‍ക്കുന്നത്. മുസ്ലിംകളുടെ മൃതദേഹം കാണണമെന്നാക്രോശിച്ച് പുതുപ്പള്ളിത്തെരുവില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു എന്ന ആരോപണം പേറുന്ന രമണ്‍ ശ്രീവാസ്തവ പോലിസിന്റെ തലപ്പത്ത് തന്നെ തുടര്‍ന്നു.

1991 ഡിസംബര്‍ 15ന് വൈകീട്ട് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന ഏകപക്ഷീയമായ പൊലിസ് വെടിവയ്പ്പിലാണ് സിറാജുന്നിസ ദാരുണമായി കൊല്ലപ്പെട്ടത്. ബാബരിയുമായി ബന്ധപ്പെട്ട് ഏറെ കലുഷമായ നാളുകളായിരുന്നു അത്. 'അയോധ്യ'യിലൂടെ ഫണം വിടര്‍ത്തിയ ഹിന്ദുത്വ ഭീകരത മുസ്ലിംകള്‍ക്കെതിരായി അതിന്റെ സര്‍വസംഹാര ശേഷി ആര്‍ജ്ജിക്കുന്ന ഭീതിദ സാഹചര്യം.

അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി മുസ്ലിംകള്‍ക്കെതിരായ പ്രകോപന പ്രചാരണങ്ങളുമായി കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഏകതാ യാത്ര പാലക്കാട് ജില്ലയിലൂടെ കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തു.

സംഘപരിവാരം ഉയര്‍ത്തിവിട്ട മുസ്ലിം വിദ്വേഷം ജോഷിയുടെ യാത്ര എത്തിയ വഴികളിലെല്ലാം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. പാലക്കാട് സംഘര്‍ഷം നിലനില്‍ക്കുന്ന പല പ്രദേശങ്ങളിലും പോലിസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടത്തി. എന്നാല്‍, പുതുപ്പള്ളിത്തെരുവിലെ സാഹചര്യങ്ങള്‍ ശാന്തവും നിയന്ത്രണവിധേയമായിരുന്നു. സിറാജുന്നിസയും സഹോദരിയും അയല്‍വാസി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് പോലിസ് വെടിയുതിര്‍ത്തത്.

ഈ സമയം പാലക്കാട് കലക്ടറേറ്റില്‍ മന്ത്രി ടി എം ജേക്കബിന്റെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം നടക്കുകയായിരുന്നു. കലക്ടര്‍മാര്‍ക്ക് പോലീസ് വയര്‍ലസ് അന്നുണ്ടായിരുന്നു. വയര്‍ലസിലൂടെ മുഴങ്ങിക്കേട്ട രമണ്‍ ശ്രീവാസ്തവയുടെ ആക്രാശത്തിന് കെ ഇ ഇസ്മായില്‍, വി സി കബീര്‍, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ സാക്ഷികളായിരുന്നു. എന്നാല്‍,ആരും എവിടെയും സാക്ഷി പറഞ്ഞില്ല. കൊളക്കാടന്‍ മൂസ ഹാജി സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും ഫലമുണ്ടായതുമില്ല.

ഇല്ലാത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ചീളുകളായി തെറിച്ച വെടിയുണ്ടയാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടതെന്നാണ് ജസ്റ്റിസ് യോഹന്നാന്‍ കമ്മീഷനും 'കണ്ടെത്തി'യത്. പുതുപ്പള്ളിത്തെരുവില്‍ നിന്ന് ആയുധങ്ങളുമായി നൂറണി ഗ്രാമത്തിലേക്ക് 300ഓളം വരുന്ന മുസ്ലിം കലാപകാരികള്‍ പുറപ്പെട്ടുവെന്നും അക്കൂട്ടത്തില്‍ സിറാജുന്നിസയുമുണ്ടായിരുന്നു എന്നുമാണ് പിന്നീട് പോലിസ് എഫ്ഐആറില്‍ എഴുതിച്ചേര്‍ത്തത്.

പോലിസിന്റെ മുസ്ലിംവിരുദ്ധത തുറന്നുകാട്ടുന്നതായിരുന്നു പുതുപ്പള്ളിത്തെരുവിലെ ഓരോ നീക്കങ്ങളും. ചോരയില്‍ കുതിര്‍ന്നു പിടഞ്ഞ സിറാജുന്നിസയെ ആശുപത്രിയിലെത്തിക്കാന്‍ശ്രമിച്ച ആളുകളെയൊക്കെയും പോലിസ് തടഞ്ഞു. അവരെയൊക്കെ പിന്നീട് കലാപകാരികളായി മുദ്ര കുത്തുകയും ചെയ്തു.

കേരളത്തിലെത്തിയ ഐപിഎസുകാരില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായ പോലിസ് ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. 1973 ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ, അലഹബാദ് സ്വദേശിയാണ്. സംസ്ഥാന പോലിസ് മേധാവിയായിരുന്ന ശ്രീവാസ്തവ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ഒരിക്കല്‍ സിപിഎമ്മിന്റെയും പിണറായിയുടേയും ഏറ്റവും വെറുക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ശ്രീവാസ്തവ, പിന്നീട് അതേ മുന്നണിയുടെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാകുയും ചെയ്തു.

Next Story

RELATED STORIES

Share it