Sub Lead

സിദ്ദീഖ് കാപ്പന് നീതി ലഭിക്കണം; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുല്ലപ്പള്ളി

കെയുഡബ്ല്യുജെ കേസ് നടത്തുന്നുണ്ടെന്നും സുപ്രിംകോടതിയിലാണ് എന്റെ വിശ്വാസമെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു

സിദ്ദീഖ് കാപ്പന് നീതി ലഭിക്കണം; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനോടൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഒരുമാസം കഴിഞ്ഞു. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണം. അനിശ്ചിതമായി തടങ്കലില്‍ വച്ചിരിക്കുന്നത് നീതിനിഷേധമാണ്. അദ്ദേഹത്തിന്റെ പത്‌നി രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്.

മാധ്യമസ്വാതന്ത്ര്യം ഉപയോഗിച്ചാണ് അദ്ദേഹം പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്. എന്നാല്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്. നരേന്ദ്രമോദിയുടെ ഫാഷിസ്റ്റ് നടപടിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്. അനിശ്ചിതമായി തടവിലിടുന്നത് ശരിയല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണം. അനധികൃത തടങ്കല്‍ ഭരണഘടന അനുവദിക്കുന്നതല്ല. സ്വന്തം ഭാര്യയ്ക്കു കാണാന്‍ അവസരമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കു കാണാന്‍ അവസരമില്ല. ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്യാനാണ് പോയത്. അദ്ദേഹത്തിന്റെ സഹധര്‍മിണി വിലപിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിയണം. നീതി നിഷേധമാണെങ്കില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അത് പറയണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് അപലപിക്കപ്പെടേണ്ടതാണ്. അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി ജനാധിപത്യത്തിന് എതിരാണെന്നു ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെയുഡബ്ല്യുജെ കേസ് നടത്തുന്നുണ്ടെന്നും സുപ്രിംകോടതിയിലാണ് എന്റെ വിശ്വാസമെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. വക്കീലിനെ പോലും കാണിക്കാന്‍ പറ്റാത്ത വിധത്തില്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണം. എന്റെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകനാണ്. നമ്മള്‍ ഒരു കുടുംബമാണ്. എല്ലാവരും കൂടെ നില്‍ക്കണം. നമുക്ക് അദ്ദേഹമല്ലാതെ വേറെ ആരുമില്ല. സത്യം എഴുതണമെന്നു മാത്രം വിചാരിച്ചാണ് ഹാഥ്‌റസിലേക്കു പോയത്. മുഖ്യമന്ത്രി ഇതുവരെ ഇടപെട്ടിട്ടില്ല. ഇനിയെങ്കിലും ഇടപെടണം. നിങ്ങള്‍ എല്ലാവരും ഇടപെടണമെന്നും റൈഹാനത്ത് പറഞ്ഞു.

Siddique Kappan should get justice; Mullappally wants CM to break silence

Next Story

RELATED STORIES

Share it