Sub Lead

കോണ്‍ഗ്രസുകാര്‍ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കണോ?; രാമവിഗ്രഹ പ്രതിഷ്ഠയെ പിന്തുണച്ചതില്‍ വിശദീകരണവുമായി ശശി തരൂര്‍

കോണ്‍ഗ്രസുകാര്‍ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കണോ?; രാമവിഗ്രഹ പ്രതിഷ്ഠയെ പിന്തുണച്ചതില്‍ വിശദീകരണവുമായി ശശി തരൂര്‍
X

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയെ പിന്തുണച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ ജയ് ശ്രീറാം എന്നു വിളിച്ചിട്ടില്ലെന്നും വ്യക്തിപരമായ ഭക്തിയുടെ കാര്യം മാത്രമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ഹിന്ദിയില്‍ ഒരു വാചകം മാത്രമാണ് എഴുതിയത്. സിയാവര്‍ രാംചന്ദ്ര കീ ജയ് എന്നായിരുന്നു. ജയ് ശ്രീറാം എന്നു പറഞ്ഞിട്ടില്ല. ജയ് ശ്രീറാമിനെ ഒരു രാഷ്ട്രീയ മുദ്രാവാക്യമാക്കി ചിലര്‍ മാറ്റിയിട്ടുണ്ട്. അല്ലെങ്കില്‍ അതായിരുന്നു പറയാന്‍ എളുപ്പം. വ്യക്തിപരമായ ഭക്തിയുടെ കാര്യമാണ്. അതേക്കുറിച്ച് ഒരു വരി എഴുതി. അതു വിവാദമാക്കാനൊന്നുമില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. കോണ്‍ഗ്രസുകാര്‍ രാമനെ ബിജെപിക്കു വിട്ടുകൊടുക്കണോ? അതാണോ നിങ്ങളുടെ ആഗ്രഹം. അതിന് ഞാന്‍ ഒരിക്കലും തയാറല്ല. പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അതു വിട്ടുകൊടുക്കില്ല. പാര്‍ട്ടിയിലെ ഹിന്ദു ഭക്തന്മാര്‍ നാളെയോ മറ്റന്നാളോ അയോധ്യയില്‍ പോയാല്‍ അത് ആര്‍ക്കും മുറിവുണ്ടാക്കാനല്ല. അതു അവരുടെ ഭക്തി മാത്രമാണെന്നും ശശി തരൂര്‍ പറഞ്ഞു. 1992ലെ ബാബരി ധ്വംസനത്തെ അപലപിച്ച് പ്രഭാഷണം നടത്തുകയും എഴുതുകയും ചെയ്തയാളാണു താന്‍. അക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ല. ചെയ്തത് തെറ്റാണെന്നു സ്പഷ്ടമായി പറഞ്ഞു. രാമന്‍ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടാവുന്നത് പല ഹിന്ദുക്കളുടെയും ആഗ്രഹമാണെന്നു രണ്ടു വര്‍ഷം മുമ്പും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിന് ഒരു പള്ളി പൊളിക്കുന്നത് നല്ല കാര്യമല്ലെന്ന് എപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി അഥവാ മുസ്‌ലിം സമുദായം തന്നെ മസ്ജിദിനെ മറ്റൊരു സ്ഥലത്തേക്ക് ആക്കിയാല്‍ എല്ലാവര്‍ക്കും സന്തോഷമാവുമായിരുന്നു. സുപ്രിംകോടതി വിധി വരെ രാമക്ഷേത്ര വിവാദത്തില്‍ ഞങ്ങള്‍ക്ക് ഒരു നിലപാടുണ്ടായിരുന്നു. എന്നാല്‍, വിധിക്കുശേഷം അതേക്കുറിച്ചു പറയാനുള്ള അവകാശം നഷ്ടമായി. ക്ഷേത്രത്തെ ഒരു രാഷ്ട്രീയ ചടങ്ങും സെലിബ്രിറ്റി പരിപാടിയും ആക്കിയതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതാണു ചടങ്ങില്‍നിന്നു മാറിനിന്നത്. മൂന്നു തവണ ബിജെപിയെ എതിര്‍ത്ത കേരളത്തിലെ ഏക സ്ഥാനാര്‍ഥി ഞാനാണ്. ഞാന്‍ ആരോടും മപ്പുപറയേണ്ട ആവശ്യമില്ല. ഞാന്‍ മതേതരത്വത്തിന്റെ ശബ്ദമാണ്. ലേഖനങ്ങള്‍ എഴുതുകയും പ്രഭാഷണം നടത്തുകയും പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് എഴുത്തും പ്രഭാഷണവും ഇക്കാര്യത്തിലുണ്ട്. ഈ വിവാദങ്ങളെ കാര്യമായി എടുക്കുന്നില്ല. എന്നാല്‍, രാമനെ ബിജെപിക്കു വിട്ടുകൊടുക്കില്ല. 1980ല്‍ ജനിച്ച പാര്‍ട്ടിക്ക് എന്തിനാണ് അയോധ്യയെ വിട്ടുകൊടുക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു. ബാബരി ഭൂമിയില്‍ രാമവിഗ്രഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ചതിനു പിന്നാലെയാണ് എക്‌സിലൂടെ ശശി തരൂര്‍ പിന്തുണച്ച് രംഗത്തെത്തിയത്. ഇതിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് ശശി തരൂര്‍ തന്നെ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it