Sub Lead

രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്‌പെഷ്യല്‍ കോടതിയെ സമീപിച്ചു

രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്‌പെഷ്യല്‍ കോടതിയെ സമീപിച്ചു
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ), എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ജാമ്യത്തിനായി മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാം ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയെ സമീപിച്ചു. ജാമ്യത്തിനായി ആദ്യം കീഴ്‌ക്കോടതിയെ സമീപിക്കാന്‍ കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ഷര്‍ജീല്‍ ഇമാമിനോട് നിര്‍ദേശിച്ചിരുന്നു.

കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ ശിക്ഷാ വ്യവസ്ഥ (ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 124-എ) മരവിപ്പിച്ച ചരിത്രപരമായ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഷര്‍ജീല്‍ ഇമാം ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ, 2014ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യാപേക്ഷ നിലനിര്‍ത്തുന്നതിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് എതിര്‍ത്തു.

സുപ്രിംകോടതി നിര്‍ദേശപ്രകാരം പ്രത്യേക കോടതിയിലാണ് ആദ്യം ജാമ്യാപേക്ഷ നല്‍കേണ്ടതെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവാമെന്നും അദ്ദേഹം വാദിച്ചു. എസ്പിപിയുടെ വാദങ്ങള്‍ പരിഗണിച്ച്, ആദ്യം കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ബെഞ്ച് ഹരജിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസാണ് ജെഎന്‍യു വിദ്യാര്‍ഥിയായിരുന്ന ഷര്‍ജില്‍ ഇമാമിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. 124എ (രാജ്യദ്രോഹം), 153 (എ) ശത്രുത പ്രോല്‍സാഹിപ്പിക്കുക, സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുക), 153ബി, 505 (അപവാദങ്ങള്‍ പ്രചരിപ്പിക്കുക) എന്നീ കുറ്റങ്ങളാണ് റിപോര്‍ട്ടില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it