ശാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ ഇന്ന് ജന്തര്‍ മന്ദിറിലേക്ക് മാര്‍ച്ച് നടത്തും

ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നാണു റിപോര്‍ട്ടുകള്‍

ശാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ ഇന്ന് ജന്തര്‍ മന്ദിറിലേക്ക് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ശാഹീന്‍ ബാഗിലെ വീട്ടമ്മമാര്‍ ഇന്ന് ജന്തര്‍ മന്ദിറിലേക്ക് മാര്‍ച്ച് നടത്തും. 'ചലോ ജന്തര്‍ മന്ദിര്‍' എന്ന ആഹ്വാനവുമായി നടത്തുന്ന മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നാണു റിപോര്‍ട്ടുകള്‍. ജാമിഅ ഇസ് ലാമിയ്യ, ജവഹര്‍ലാല്‍ നെഹ്്‌റു സര്‍വകലാശാല വിദ്യാര്‍ഥികളാണ് പങ്കാളികളാവുക.

ശാഹീന്‍ ബാഗിലെ ഡാഡീസ് എന്നറിയപ്പെടുന്ന വയോധികരായ സ്ത്രീകള്‍ ജന്തര്‍ മന്ദിറില്‍ നടക്കുന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യും. ഒരു മാസത്തിലേറെയായി നൂറുകണക്കിന് സ്ത്രീകളാണ് പൗരത്വ നിയമത്തിനെതിരേ ശാഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. പ്രധാനമായും സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചു.

അതിനിടെ, കഴിഞ്ഞ ദിവസം ശാഹീന്‍ ബാഗ് പ്രതിഷേധപ്പന്തലില്‍ തോക്കുമായെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ശാഹീന്‍ ബാഗ് നിവാസിയായ മുഹമ്മദ് ലുഖ്മാന്‍(50) ആണ് ഇയാളെന്നും ലൈസന്‍സുള്ള പിസ്റ്റളാണ് കൈവശം വച്ചതെന്നു പോലിസ് പറഞ്ഞു. കെട്ടിട നിര്‍മാണ കരാറുകാരനായ ഇദ്ദേഹത്തെ പ്രതിഷേധക്കാരാണ് പിടികൂടിയത്.
RELATED STORIES

Share it
Top