Big stories

ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധം കനക്കുന്നു; ശാഹിന്‍ബാഗ് മോഡല്‍ സമരത്തിന് വേദിയായി ചെന്നൈ

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്ന്, സംസ്ഥാനസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും പ്രമേയം പാസാക്കണം. രണ്ട്, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ട് ഉറപ്പ് നല്‍കണം. മൂന്ന്, സിഎഎ പിന്‍വലിക്കണം.

ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധം കനക്കുന്നു; ശാഹിന്‍ബാഗ് മോഡല്‍ സമരത്തിന് വേദിയായി ചെന്നൈ
X

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെന്നൈയില്‍ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പോലിസ് നീക്കം പാളി. പോലിസ് ലാത്തി ചാര്‍ജ്ജില്‍ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടിലാകെ ഉയര്‍ന്നത്. ശാഹീന്‍ ബാഗ് മോഡല്‍ പ്രക്ഷോഭത്തിന് വേദിയാകുകയാണ് വടക്കന്‍ ചെന്നൈയിലെ തെരുവുകള്‍. പോലിസ് ലാത്തി ചാര്‍ജ്ജിന് ശേഷം തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി. സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിന് പേരാണ് അര്‍ദ്ധരാത്രിയിലും പ്രതിഷേധവുമായി രംഗത്തെത്തിയത്.


ഇന്നലെ വൈകിട്ടാണ് ചെന്നൈ നഗരത്തിലെ വാഷര്‍മാന്‍പേട്ടില്‍ സമരക്കാരെ പൊലിസ് തല്ലിച്ചതച്ചത്. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ ശ്രമിച്ചത് സ്ഥിതി വഷളാക്കി. തീര്‍ത്തും അപ്രതീക്ഷിതമായി തുടങ്ങിയ സമരം സര്‍ക്കാരിനെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.

അതേസമയം, പോലിസ് ലാത്തിച്ചാര്‍ജില്‍ ഒരു വൃദ്ധന്‍ അടക്കം രണ്ട് പേര്‍ മരിച്ചെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പോലിസ് സ്ഥിരീകരിച്ചു.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്ന്, സംസ്ഥാനസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും പ്രമേയം പാസാക്കണം. രണ്ട്, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ട് ഉറപ്പ് നല്‍കണം. മൂന്ന്, സിഎഎ പിന്‍വലിക്കണം.

അണ്ണാ ഡിഎംകെ സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. പാര്‍ലമെന്റില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് അണ്ണാ ഡിഎംകെ വോട്ട് ചെയ്യുകയും ചെയ്തിരുന്നതാണ്. ബിജെപിയുടെ ബി ടീമായി അണ്ണാഡിഎംകെ മാറിയെന്ന ഡിഎംകെയുടെ ആരോപണത്തിന് ഇതോടെ ശക്തിയേറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശാഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം വടക്കന്‍ ചെന്നൈ തെരുവുകളില്‍ പൊട്ടിപ്പുറപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ഉയര്‍ന്നുവന്ന സമരം പോലിസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ലാത്തി ചാര്‍ജ്ജ് നടന്ന വാര്‍ത്ത പുറത്ത് വന്നതോടെ ജനങ്ങള്‍ കൂട്ടംകൂട്ടമായി തെരുവിലിറങ്ങി.


തമിഴ്‌നാട്ടില്‍ ഇതിനോടകം തന്നെ പ്രതിഷേധം വ്യാപകമായിക്കഴിഞ്ഞു. സേലം, കോയമ്പത്തൂര്‍, തൂത്തുക്കുടി, ചെങ്കല്‍പേട്ട്, രാമനാഥപുരം, കരൂര്‍, ചെന്നൈയില്‍ ഗിണ്ടി, മണ്ണടി, പുതുപ്പേട്ട്, മൗണ്ട് റോഡ് എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ദേശീയപതാകകളേന്തി നിരവധിപ്പേര്‍ ഇപ്പോഴും സമരവേദിയിലെത്തുന്നു. ഇതിന് മുമ്പ് ഇതേ മേഖല ഇത്തരമൊരു സമരത്തിന് വേദിയായിട്ടുള്ളത് ജല്ലിക്കട്ട് സമരകാലത്താണ്. അന്ന് മറീന ബീച്ചില്‍ സമരവുമായി എത്തിയത് ലക്ഷക്കണക്കിന് പേരാണ്.



തമിഴ്‌നാട്ടില്‍ പൊതുവെ സിഎഎ വിരുദ്ധവികാരം നിലനില്‍ക്കുന്നതിനാല്‍ ഇതൊരു ശാഹീന്‍ ബാഗ് മോഡല്‍ സമരമായി മാറുന്നത് തടയാനാണ് പോലിസും അണ്ണാ ഡിഎംകെ സര്‍ക്കാരും ശ്രമിക്കുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ട് സമരക്കാര്‍ക്ക് നേരെയുണ്ടായ പോലിസ് നടപടിയില്‍ വന്‍ പ്രതിഷേധമാണ് ഇരമ്പിയത്. വൈകിട്ടത്തെ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നു. സമാധാനപരമായി നടന്ന സമരത്തിന് നേര്‍ക്ക് പോലിസ് ബലപ്രയോഗം നടത്തിയതില്‍ കടുത്ത ജനരോഷമുയര്‍ന്നു. ലാത്തിച്ചാര്‍ജിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ തിരുനെല്‍വേലിയിലടക്കം തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പിന്തുണയുമായി പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

രാത്രി മുഴുവന്‍ സമരം നടക്കുന്ന വേദികളില്‍ 'ആസാദി' വിളികളുയര്‍ന്നു. പല വേദികളിലുമെത്തി ചെന്നൈ സിറ്റി പോലിസ് കമ്മീഷണറടക്കം നേരിട്ടെത്തി സമരക്കാരെ അനുനയിപ്പിച്ച് തിരിച്ച് അയക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. സമരം തുടരുമെന്ന് തന്നെയാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it