Sub Lead

ഷെഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി ആയേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഷെഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി ആയേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
X

ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായ സാഹചര്യത്തില്‍ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫിനെ തിരഞ്ഞെടുത്തേക്കും. ഷഹബാസ് ശെരീഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് പാക് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബ് പ്രവിശ്യയുടെ മുന്‍ മുഖ്യമന്ത്രി ഷഹബാസ് ശരീഫിന്റെ പേരാണ് കൂടുതലായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഇമ്രാന്‍ ഖാനെതിരായ പ്രതിപക്ഷ നീക്കത്തിന് മുന്നില്‍ നിന്നത് ഷഹബാസ് ആണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതനാണ് ഇദ്ദേഹം.

ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പിന് വേണ്ടി പാര്‍ലമെന്റ് യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷം യോഗം ചേര്‍ന്നത് ഷഹബാസ് ശരീഫിന്റെ അധ്യക്ഷതയിലാണ്. 70കാരനായ ഷഹബാസ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. സമ്പന്നരായ ശരീഫ് കുടുംബത്തിലെ അംഗം. നവാസ് ശരീഫിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഷഹബാസ്. പക്ഷേ, ഒന്നില്‍ പോലും അദ്ദേഹത്തിനെതിരേ വ്യക്തമായ തെളിവില്ല. എല്ലാം രാഷ്ട്രീയപ്രേരിതമായ കേസുകളാണെന്ന് ഷഹബാസിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. അര്‍ധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകമാണ് ഇന്നലെ പാകിസ്താനില്‍ കണ്ടത്.

അധികാരത്തില്‍ തുടരാന്‍ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെയാണ് പാകിസ്താന്‍ പ്രധാനമന്ത്രി പുറത്തായത്. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ച ഉന്നയിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാളയത്തില്‍നിന്നും ആളുകൂടിയതോടെയാണ് ഇംറാന്‍ ഖാന്‍ വീണത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. അവിശ്വാസം മറികടക്കാനാവില്ലെന്ന് മനസ്സിലാക്കി വോട്ടെടുപ്പ് അനുവദിക്കാതെ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇംറാന്റെ രാഷ്ട്രീയ നീക്കം സുപ്രിംകോടതിയുടെ പ്രതിരോധത്തിലാണ് തകര്‍ന്നത്. അസംബ്ലി പിരിച്ചുവിട്ടത് റദ്ദാക്കിയ കോടതി സഭ ചേരാന്‍ ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it