Sub Lead

'നേതാവാകാന്‍ പ്രായം കുറച്ചുപറയാന്‍ നിര്‍ദേശിച്ചു'; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി എസ്എഫ്‌ഐ മുന്‍ നേതാവിന്റെ ശബ്ദരേഖ പുറത്ത്

നേതാവാകാന്‍ പ്രായം കുറച്ചുപറയാന്‍ നിര്‍ദേശിച്ചു; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി എസ്എഫ്‌ഐ മുന്‍ നേതാവിന്റെ ശബ്ദരേഖ പുറത്ത്
X

തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമന കത്തിനെച്ചൊല്ലിയുള്ള വിവാദത്തിന് ചൂടാറും മുമ്പേ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ഥ പ്രായം കുറച്ചുപറയാന്‍ ആനാവൂര്‍ നാഗപ്പന്‍ ഉപദേശം നല്‍കിയെന്ന മുന്‍ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബ്ദരേഖയാണ് ആനാവൂരിനെ കുരുക്കിലാക്കിയിരിക്കുന്നത്. പ്രായം കുറച്ചു പറഞ്ഞ് ജില്ലാ സെക്രട്ടറിയായി. പല പ്രായം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കുണ്ടെന്നും പ്രായം കുറച്ചുപറയാന്‍ ഉപദേശിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും അഭിജിത്ത് ശബ്ദരേഖയില്‍ പറയുന്നു.

ആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. 26 വയസ് വരെ മാത്രമേ എസ്എഫ്‌ഐയില്‍ നില്‍ക്കാനാവൂ. എനിക്ക് 30 വയസ്സായി. ഞാന്‍ 1992 ലാണ് ജനിച്ചത്. സംഘടനയില്‍ തന്നെ വെട്ടിനിരത്താന്‍ ആളില്ലെന്നും അഭിജിത്ത് പറയുന്നുണ്ട്. അതേസമയം, അഭിജിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തി. പ്രായം കുറച്ചുകാണിക്കാന്‍ താന്‍ ആരെയും ഉപദേശിച്ചിട്ടില്ലെന്ന് ആനാവൂര്‍ പറഞ്ഞു.

ലഹരി വിരുദ്ധ കാംപയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ അഭിജിത്തിനെതിരേ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടപടിയെടുത്തത്. അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഡിവൈഎഫ്‌ഐ അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. അഭിജിത്തിനെയും നേമം ഏരിയ പ്രസിഡന്റ് ആഷിഖിനെയുമായിരുന്നു പുറത്താക്കിയത്. ഇരുവരും ബാറില്‍ കയറി മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാപകവിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സിപിഎം നേമം ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലും സിപിഎം നടപടിയെടുത്ത നേതാവാണ് ജെ ജെ അഭിജിത്ത്.

Next Story

RELATED STORIES

Share it