Sub Lead

രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫിസില്‍, ഉടന്‍ യുവതിയുടെ മൊഴിയെടുക്കും

രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫിസില്‍, ഉടന്‍ യുവതിയുടെ മൊഴിയെടുക്കും
X

തിരുവനന്തപുരം : യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലിസ് സ്വമേധയാ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പരാതിക്കാരിയായ യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകള്‍ ഉള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസില്‍ നിര്‍ണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.

അതേ സമയം, യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നീക്കം തുടങ്ങി. മുന്‍കൂര്‍ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകര്‍പ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്നാണ് റിപോര്‍ട്ട്.




Next Story

RELATED STORIES

Share it