Big stories

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
X

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഹൃദ്രോഗസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മൂന്ന് ആഴ്ചകളായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. നിലവില്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമീപകാലം വരെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. നിലമ്പൂരില്‍ നിന്നും എട്ട് പ്രാവശ്യം അദ്ദേഹം നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായിരുന്നു. എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുത വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു ആര്യാടന്‍ മുഹമ്മദ്.

ഭാര്യ: പി വി മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ. റിയാസ് അലി(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ദന്‍). മരുമക്കള്‍: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദില്‍ നടക്കും. മൃതദേഹം ഞായറാഴ്ച നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it