Sub Lead

സൗദി അതിര്‍ത്തിയില്‍ കണ്ടെത്തിയ മലയാളിയെ അബുദബിയിലേക്ക് തിരിച്ചയക്കും

ഹാരിസിന്റെ രേഖകളെല്ലാം അബുദബിയിലാണുള്ളത്. അതിനാല്‍ സൗദിയില്‍ നിന്നും നേരിട്ട് ഇന്ത്യയിലേക്കു അയക്കില്ലെന്നാണു അധികൃതര്‍ അറിയിച്ചത്.

സൗദി അതിര്‍ത്തിയില്‍ കണ്ടെത്തിയ  മലയാളിയെ അബുദബിയിലേക്ക് തിരിച്ചയക്കും
X
അബൂദബി: അബുദബിയില്‍ ജോലി ചെയ്യവെ അനധികൃതമായി അതിര്‍ത്തി കടന്ന് സൗദിയിലെത്തിയ മലയാളിയെ അബുദബിയിലേക്ക് തിരിച്ചയക്കും. നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്താണ് കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് അതിര്‍ത്തി കടന്ന് യുഎഇ-സൗദി അതിര്‍ത്തിയായ അല്‍അസ്ഹയിലെത്തിയത്.

തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേനയുടെ പിടിയിലായ ഹാരിസിനെ അല്‍അഹ്‌സ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയ ഹാരിസിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ ആശുപത്രിയിലെ മലയാളി നഴ്‌സാണ് ഹാരിസിനെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. അബൂദബിയിലെ സ്വകാര്യ ഹോട്ടല്‍ െ്രെഡവറായിരുന്ന ഹാരിസിനെ ഡിസംബര്‍ എട്ടിനാണ് കാണാതായത്.

സഹോദരി പുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കമ്പനി അവധി അനുവദിക്കാത്തതില്‍ മാനസിക പ്രയാസത്തിലായിരുന്നു ഹാരിസ്.വിസ റദ്ദാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 15 ദിവസം കാത്തിരിക്കാനായിരുന്നു കമ്പനിയുടെ മറുപടി. ഇതിനു പിന്നാലെയാണ് ഹാരിസിനെ കാണാതായത്. തുടര്‍ന്ന് സഹോദരന്‍ സുഹൈല്‍ പോലിസിലും എംബസിയിലും പരാതി നല്‍കി കാത്തിരിക്കുന്നതിനിടെയാണ് രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹാരിസ് അതിര്‍ത്തിരക്ഷാ സേനയുടെ പിടിയിലാവുന്നത്.

ഹാരിസിന്റെ രേഖകളെല്ലാം അബുദബിയിലാണുള്ളത്. അതിനാല്‍ സൗദിയില്‍ നിന്നും നേരിട്ട് ഇന്ത്യയിലേക്കു അയക്കില്ലെന്നാണു അധികൃതര്‍ അറിയിച്ചത്. സൗദിയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നാല് മാസം തടവാണ് ശിക്ഷ. ആ കാലാവധി അവസാനിക്കുന്നതോടെ വന്ന സ്ഥലത്തേക്ക് തന്നെ ഹാരിസിനെ അയക്കും.ശഅബാന്‍ മാസം ആദ്യത്തോടെ അബുദാബി പോലിസിന് കൈമാറുമെന്നാണ് സൂചന. ആശുപത്രിയില്‍ മൗനിയായിരുന്ന ഹാരിസ് ഇപ്പോള്‍ സുഖംപ്രാപിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it