Sub Lead

ശാഹീന്‍ബാഗ്: സമരത്തില്‍ നിന്നു പിന്‍മാറില്ലെന്ന് പ്രക്ഷോഭകര്‍; മധ്യസ്ഥ ചര്‍ച്ച പരാജയം

രണ്ടു മാസത്തിലേറെയായി തുടരുന്ന ശാഹീന്‍ബാഗ് പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കുകയോ ഇല്ലെന്ന ഉറച്ച നിലപാട് ആവര്‍ത്തിക്കുകയാണ് പ്രക്ഷോഭകര്‍.

ശാഹീന്‍ബാഗ്: സമരത്തില്‍ നിന്നു പിന്‍മാറില്ലെന്ന് പ്രക്ഷോഭകര്‍; മധ്യസ്ഥ ചര്‍ച്ച പരാജയം
X

ന്യൂഡല്‍ഹി: സമരം മാറ്റില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥര്‍ ശാഹീന്‍ബാഗ് പ്രക്ഷോഭകരുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസത്തേതു പോലെ രണ്ടാംദിന ചര്‍ച്ചയിലും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം, പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും എന്‍പിആറഉം നടപ്പാക്കില്ലെന്ന് തീരുമാനിച്ചാല്‍ ആ നിമിഷം തന്നെ സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിക്കുകയും ചെയ്തു. ഇത്രയും ദിവസം റോഡ് ഉപരോധിച്ച് സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാത്ത കേന്ദ്ര സര്‍ക്കാര്‍ സമരം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ ചര്‍ച്ചയ്ക്കു തയ്യാറാവുമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ വാദം. ഇതോടെ, ബുധനാഴ്ചയും വ്യാഴാഴ്ചയുമായി സുപ്രിംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരുടെ ചര്‍ച്ച കാര്യമായ പുരോഗതിയില്ലാതെ വഴിമുട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുസ്‌ലിംകളെ പൗരന്‍മാരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രക്ഷോഭകര്‍ ചോദിച്ചു. സിഎഎ ഞങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്ക് എന്തുസംഭവിക്കുമെന്നാണ് ഞങ്ങളുടെ പേടി. കുഞ്ഞുങ്ങളെ എവിടേക്ക് കൊണ്ടുപോവാനാണ് ഇവര്‍ പറയുന്നത്. ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് അഭിമാനത്തോടെ തന്നെ പറയുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം പിന്‍വലിക്കാനാവില്ലേയെന്ന ചോദ്യത്തിന് അക്കാര്യം സുപ്രിംകോടതിയുടെ കൈയിലാണെന്നായിരുന്നു മധ്യസ്ഥരുടെ മറുപടി. സുപ്രിംകോടതിയാണ് ഇപ്പോള്‍ ഒരു കരം നീട്ടിയിട്ടുള്ളത്. അതിന് പ്രതിഷേധക്കാരും മുന്നോട്ടുവരണം. റോഡ് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവണമെന്നും സാധനാ രാമചന്ദ്രന്‍ പറഞ്ഞു. സമരക്കാരുടെ ചെറു ഗ്രൂപ്പുകളുമായി സംസാരിക്കാമെന്നും അതാണ് ആശയവിനിമയത്തിന് നല്ലതെന്നും മധ്യസ്ഥര്‍ അറിയിച്ചു. രണ്ടു മാസത്തിലേറെയായി തുടരുന്ന ശാഹീന്‍ബാഗ് പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കുകയോ ഇല്ലെന്ന ഉറച്ച നിലപാട് ആവര്‍ത്തിക്കുകയാണ് പ്രക്ഷോഭകര്‍.




Next Story

RELATED STORIES

Share it