സെര്‍ച്ച് കമ്മിറ്റി നിയമവിരുദ്ധം; ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കി കേരള സര്‍വകലാശാല

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമന വിവാദം കത്തിനില്‍ക്കവെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രമേയം പാസാക്കി കേരള സര്‍വകലാശാലാ സെനറ്റ്. വിസിയെ നിയമിക്കാന്‍ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റി പിന്‍വലിക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. സര്‍വകലാശാലാ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണര്‍ ധൃതി പിടിച്ച് കമ്മിറ്റി രൂപീകരിച്ചെന്ന് ഇടത് അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. സര്‍വകലാശാലാ പ്രതിനിധിയില്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് യൂനിവേഴ്‌സിറ്റി ആക്ട് പ്രകാരം നിയമവിരുദ്ധമാണെന്നു സിപിഎം അംഗം അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
പ്രമേയം പാസാക്കിയ വിവരം ഗവര്‍ണറെ അറിയിക്കാന്‍ സെനറ്റ് യോഗം വൈസ് ചാന്‍സിലറെ ചുമതലപ്പെടുത്തി. സെനറ്റിലെ യുഡിഎഫ് പ്രതിനിധികള്‍ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാലയുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് യുഡിഎഫ് മുന്നോട്ടുവച്ചത്. അതേസമയം, സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍പിള്ള മൗനം പാലിച്ചു. ഗവര്‍ണര്‍ക്കെതിരേ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വമാണ്. സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ അനുമതി നല്‍കിയതോടെ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍പിള്ളയ്‌ക്കെതിരേ നടപടിയുണ്ടാവും. നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് വിസിയെ സസ്‌പെന്റ് ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാം.
കേരള വിസിയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്നതിനാല്‍ ആഗസ്ത് തുടക്കത്തില്‍തന്നെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. നിലവിലെ നിയമപ്രകാരം ഗവര്‍ണറുടെ നോമിനി, സര്‍വകലാശാല നോമിനി, യുജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് വിസി നിയമന പാനല്‍ സമര്‍പ്പിക്കേണ്ടത്. ഗവര്‍ണര്‍ പാനലില്‍ ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും. ജൂലൈ 15ന് ചേര്‍ന്ന സെനറ്റ് യോഗം സെര്‍ച്ച് കമ്മിറ്റിയിലെ അംഗമായി പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്തുനിന്നു സ്വയം ഒഴിവായി. സെര്‍ച്ച് കമ്മിറ്റിയിലേക്കു സര്‍വകലാശാല നോമിനിയുടെ പേര് നല്‍കാന്‍ വൈകുന്നതുകൊണ്ട് ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കേരള വൈസ് ചാന്‍സലര്‍ക്ക് പകരക്കാരനെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മൂന്നംഗ കമ്മിറ്റിയില്‍ ചാന്‍സലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ കമ്മിറ്റി രൂപീകരിച്ചത്. ഗവര്‍ണരുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജി, യുജിസി പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിസി ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സര്‍വകലാശാല സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമാവുന്ന മുറയ്ക്ക് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനം ഗവര്‍ണരുടെ ഓഫിസ് പുറപ്പെടുവിച്ചത്.
സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരേ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന നിയമഭേദഗതിക്കുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോഴാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിട്ടത്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസമാണ്. കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സെനറ്റ് പ്രതിനിധിയുടെ പേര് നിര്‍ദേശിക്കാതിരിക്കാന്‍, സര്‍വകലാശാലയുടെ പുതിയ അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജണ്ട ഇന്നത്തെ യോഗത്തില്‍ ഒഴിവാക്കിയിരുന്നു. വിദ്യാര്‍ഥി സിന്‍ഡിക്കേറ്റ് അംഗ തിരഞ്ഞെടുപ്പും എയ്ഡഡ് കോളജില്‍ സ്വാശ്രയ കോഴ്‌സ് അനുവദിക്കുന്നതും മാത്രമായിരുന്നു അജണ്ട.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT