Sub Lead

മലപ്പുറത്തിന്റെ വിപ്ലവമണ്ണില്‍ പുതു ചരിത്രമെഴുതി എസ് ഡിപി ഐ ജനമുന്നേറ്റ യാത്ര

മലപ്പുറത്തിന്റെ വിപ്ലവമണ്ണില്‍ പുതു ചരിത്രമെഴുതി എസ് ഡിപി ഐ ജനമുന്നേറ്റ യാത്ര
X

മലപ്പുറം: അതിജീവനത്തിന്റെ കിനാവുകള്‍ കണ്ട് സാമ്രാജ്യത്വ ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ വിപ്ലവ ചരിത്രം രചിച്ച മലപ്പുറത്തിന്റെ രണ ഭൂമികയില്‍ പുതു ചരിത്രമെഴുതി ജനമുന്നേറ്റ യാത്ര. യാത്രയ്ക്ക് വാരിയന്‍ കുന്നന്റെ പിന്‍ഗാമികള്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. ആലി മുസലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ഉള്‍പ്പെടെ എണ്ണമറ്റ ധീരദേശാഭിമാനികളുടെ പോരാട്ട ചരിത്രസ്മൃതികളുറങ്ങുന്ന മണ്ണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് വീണ്ടുമൊരു സമരകാഹളം മുഴക്കിയിരിക്കുന്നു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരിയില്‍ നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മലപ്പുറം കിഴക്കേതലയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെയും വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കലിനെയും റോയ് അറയ്ക്കലിനെയും തുറന്ന വാഹനത്തില്‍ ജാഥയായാണ് ആനക്കയം, ഇരുമ്പുഴി, പാണാഴി, മുണ്ടുപറമ്പ്, എംഎസ്പി വഴി കിഴക്കേതലയിലേക്ക് ആനയിച്ചത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ പാതയോരങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. എംഎസ്പി പരിസരത്തു നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. യാത്ര മലപ്പുറം ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര്‍ തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനും താക്കീതായി മാറി.

സൂര്യനസ്തമിക്കാത്ത ഒരു കിരാത സാമ്രാജ്യത്തോട് അടരാടി ചെറുത്തു നിന്ന ആത്മാഭിമാനത്തിന്റെ പുതുതലമുറ സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ അസമത്വമനുഷ്യത്വ വിരുദ്ധ സംസ്‌കൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്ന സന്ദേശമാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്. സാമ്രാജ്യത്വം ഒരുക്കിയ വാഗണിനുള്ളില്‍ പിടഞ്ഞുമരിച്ച തിരൂരിന്റെ മക്കളുടെ പിന്‍ഗാമികള്‍ ഫാഷിസം പടയ്ക്കുന്ന തടവറകള്‍ക്കു മുമ്പില്‍ സ്വാതന്ത്ര്യം അടിയറവയ്ക്കാനൊരുക്കമല്ല. ഏറനാടും വള്ളുവനാടും പൂക്കോട്ടൂരും ഉള്‍പ്പെടെ നിണംവാര്‍ന്ന സമരചരിത്രമെഴുതിയ മണ്ണ് വിട്ടുവീഴ്ചയില്ലാത്ത നീതിയുടെ നിലപാടെടുത്തിരിക്കുന്നു. മഹാകവി മോയീന്‍ കുട്ടി വൈദ്യരുടെ പടപ്പാട്ട് ദേശസ്‌നേഹികള്‍ക്ക് എക്കാലത്തും പ്രചോദനമാണെന്ന് പുരുഷാരം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ 14ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും പിന്നിട്ടാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്.

Next Story

RELATED STORIES

Share it