Sub Lead

തദ്ദേശ പൊതു തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം: ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് എസ്ഡിപിഐ

തദ്ദേശ പൊതു തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം: ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് എസ്ഡിപിഐ
X

കൊച്ചി: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിന് പാര്‍ട്ടി പൂര്‍ണ സജ്ജമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരു മുന്നണിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനും യോഗം തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്ക്, അഴിമതിയില്ലാത്ത വികസനം എന്നതാണ് ഇത്തവണ പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യം. അഞ്ച് കോര്‍പ്പറേഷനുകളിലും 30 ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത്, നഗരസഭ, ഗ്രാമ പഞ്ചായത്ത് അടക്കം 4000 വാര്‍ഡുകളില്‍ പാര്‍ട്ടി ജനവിധി തേടും. 2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ച് 103 ജനപ്രതിനിധികളെ നേടിയിരുന്നു. ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട വാര്‍ഡുകള്‍ അടക്കം അഞ്ഞൂറിലധികം വാര്‍ഡുകളില്‍ ശക്തമായ മത്സരം അന്ന് കാഴ്ചവച്ചു. 2025ലെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നാളുകള്‍ക്ക് മുന്നേ പാര്‍ട്ടി തുടങ്ങിയിരുന്നു. കൃത്യമായ പ്ലാനിങ്ങും വ്യവസ്ഥാപിതമായ പ്രവര്‍ത്തനത്തിലൂടെയും വലിയ മുന്നേറ്റം പാര്‍ട്ടിക്ക് ഉണ്ടാകും.

സംശുദ്ധ രാഷ്ട്രീയവും സമഗ്രവികസനവും എങ്ങിനെ നടപ്പാക്കാം എന്നതാണ് എസ്ഡിപിഐ ജനപ്രതിനിധികള്‍ പ്രാവര്‍ത്തികമാക്കിയത്. അതിന്റെ തുടര്‍ച്ചയും വ്യാപനവും ഇത്തവണയുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറയ്ക്കല്‍, പി പി റഫീഖ്, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷറഫ് മൗലവി, അജ്മല്‍ ഇസ്മാഈല്‍, അഡ്വ. എ കെ സലാഹുദ്ദീന്‍, ഇക്‌റാമുല്‍ ഹഖ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it