Sub Lead

എസ് ഡിപിഐ ജനപ്രതിനിധികള്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി

എസ് ഡിപിഐ ജനപ്രതിനിധികള്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി
X

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതം ഉടന്‍ അനുവദിക്കുക, ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, തെരുവുനായ ആക്രമണം ഇല്ലാതാക്കാന്‍ എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ എസ്ഡിപിഐ ജനപ്രതിനിധികള്‍ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിനാല്‍ വികസന പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് മടക്കിയത് തദ്ദേശസ്ഥാപനങ്ങളുടെ നടുവൊടിച്ചിരിക്കുകയാണ്. ബജറ്റ് വിഹിതം കൃത്യമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഫണ്ട് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുത്. ജില്ലയില്‍ തെരുവുനായ ശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഇപ്പോഴും പരാജയമാണ്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ തെരുവുനായ ആക്രമണം നേരിടേണ്ടി വരാനുള്ള സാഹചര്യം കൂടുതലാണ്. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണം. ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണം. അര്‍ഹതപ്പെട്ടവര്‍ക്കു പോലും എങ്ങനെ ക്ഷേമ പെന്‍ഷന്‍ തടയാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാര്‍ധക്യ, വിധവാ പെന്‍ഷന് അര്‍ഹതപ്പെട്ടവര്‍ക്ക് വീടിന്റെ വിസ്തീര്‍ണം ചൂണ്ടിക്കാട്ടി പെന്‍ഷന്‍ തടയുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗം നിയാസ് തറമ്മല്‍, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് സംസാരിച്ചു.




തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് ജനപ്രതിനിധികള്‍ നിവേദനം നല്‍കി. മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തംഗം കെ കെ അനസ്, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സി ഷാഫി, മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്തംഗം നിയാസ് തറമ്മല്‍, ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി ഫൈസല്‍, മാടായി ഗ്രാമപ്പഞ്ചായത്തംഗം വി മുനീര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

Next Story

RELATED STORIES

Share it