Sub Lead

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക: അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി വിജയിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാടാനപ്പിള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക: അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്
X

വാടാനപ്പള്ളി(തൃശൂര്‍): രാജ്യത്തെ കര്‍ഷകര്‍ക്കെതിരായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി വിജയിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാടാനപ്പിള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ ഡല്‍ഹിയില്‍ കഠിനമായ തണുപ്പുള്ള കഴിഞ്ഞ നവംബര്‍ 26 മുതല്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭത്തെ അവഗണിച്ച് ബിജെപി സര്‍ക്കാരിന് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഓരോ കര്‍ഷകനും പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള തന്റെ കുടുംബവുമായിട്ടാണ് സമര മുഖത്തുള്ളത്. അത് കൊണ്ട് തന്നെ അവരുടെ അര്‍ഹമായ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിന്നുണ്ട്. വെസ്റ്റ് ബംഗാളിലെയും, ബീഹാറിലെയും, തമിഴ് നാടിലെയും തിരഞ്ഞെടുപ്പ് കാംപയിനുകളില്‍ പ്രധാനമന്ത്രി മോദിയും, അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാരും മാറി മാറി പങ്കെടുക്കുന്നു. ഹൈദരാബാദിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പോലും ഇവര്‍ ക്യാംപയിന്‍ നടത്തുന്നു. എന്നാല്‍ ഈ നാടിന്റെ അഭിമാനമായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനോ, കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ എന്താണെന്ന് താല്‍പ്പര്യത്തോടെയൊന്നു കേള്‍ക്കുക്കുവാനോ ഡല്‍ഹിയില്‍ നിന്നും വളരെക്കുറച്ചുമാത്രം ദൂരത്ത് സമരം ചെയ്യുന്ന കര്‍ഷകരുടെ അടുത്തേക്ക് പോകാനോ പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ തയ്യാറാകുന്നില്ല. ബിജെപി ഭരണം ആരംഭിച്ചത് മുതല്‍ രാജ്യത്ത് എവിടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നതെന്നാണ് എസ്ഡിപിഐക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 26ന് റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് എസ്ഡിപിഐ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. ഫാഷിസ്റ്റുകള്‍ ധിക്കാരപൂര്‍വ്വം മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരെ എതിര്‍ക്കുവാനുള്ള സെക്കുലര്‍ പാര്‍ട്ടികള്‍ ഇല്ലാതാവുകയും മതേതര പാര്‍ട്ടികളെന്നാവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുത്വ അജണ്ടകളോട് സമരസപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള നിലപാടുകളില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലാതെ പോരാട്ട രംഗത്ത് മുന്നില്‍ നില്‍ക്കുന്ന എസ്ഡിപിഐ പോലെയുള്ള പ്രസ്ഥാനത്തെ ജനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുന്ന നല്ലൊരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനു വേണ്ടി രാജ്യ സ്‌നേഹികള്‍ എസ്ഡിപിഐയോടൊപ്പം അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുയോഗത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഖാജ ഹുസൈന്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് മനാഫ് കരുപ്പടന്ന, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് യൂനിഷ ടീച്ചര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഷ്‌റഫ് വടക്കൂട്ട്, മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ആളൂര്‍ തുടങ്ങി ജില്ലാ മണ്ഡലം നേതാക്കള്‍ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി നൂറുകണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പങ്കെടുത്ത സ്വീകരണ റാലിയും അരങ്ങേറി.

Next Story

RELATED STORIES

Share it