Sub Lead

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സൂക്ഷ്മപരിശോധന ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സൂക്ഷ്മപരിശോധന ഇന്ന്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവര്‍ക്കു പുറമെ കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിരുന്നു. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് സ്ഥാനാര്‍ത്ഥികള്‍.

ഇന്ന് എഐസിസി ആസ്ഥാനത്താണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 14 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ശശി തരൂര്‍ അഞ്ചും കെ.എന്‍ ത്രിപാഠി ഒരു സെറ്റും പത്രികയും നല്‍കിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയാണ് ഖാര്‍ഗെയുടെ ബലം. ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന സന്ദേശം പി.സി.സികളില്‍ എത്തുന്നതോടെ, രാഹുല്‍ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍ ഖാര്‍ഗെയ്ക്കു പിന്തുണ നല്‍കുമെന്നുറപ്പാണ്.

എന്നാല്‍, പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. ലോക്‌സഭാനിയമസഭാ തെരഞ്ഞെടുപ്പ് മോഡല്‍ പ്രചാരണത്തിനാണ് തരൂര്‍ ഒരുങ്ങുന്നത്. എല്ലാ തീരുമാനവും എടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന രീതിമാറണമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അധികാര വികേന്ദ്രീകരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂറിനെ ഞെട്ടിച്ചുകൊണ്ട് ജി23 നേതാക്കന്മാരും ഖാര്‍ഗെയെ പിന്തുണച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, ആനന്ദ് ശര്‍മ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കൊപ്പം അശോക് ഗെഹ്ലോട്ട്, അംബിക സോണി, മുകുള്‍ വാസ്‌നിക്, മനു അഭിഷേക് സിങ്വി, ദിഗ്വിജയ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം ഖാര്‍ഗെയ്‌ക്കൊപ്പമുണ്ടാകും.

കേരളത്തില്‍നിന്ന് ഉള്‍പ്പെടെ തരൂരിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.എസ് ശബരീനാഥനാണ് സംസ്ഥാനത്തുനിന്ന് ആദ്യമായി തരൂറിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ്. മാത്യു കുഴല്‍നാടനും പിന്നീട് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നടക്കം യുവാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് തരൂര്‍ വാദിക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ മന്ത്രിയാണ് കെ.എന്‍ ത്രിപാഠി. ഇവിടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ്.

Next Story

RELATED STORIES

Share it