Sub Lead

ലാവ്‌ലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ 26 ാം തവണയും സുപ്രിംകോടതി മാറ്റി

മാര്‍ച്ച് മാസം മുഴുവന്‍ തിരക്കില്‍ ആയിരിക്കുമെന്നാണ് ജസ്റ്റിസ് യുയു ലളിത് ഇന്ന് കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏത് കേസില്‍ ആയിരിക്കും തിരക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല.

ലാവ്‌ലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ 26 ാം തവണയും സുപ്രിംകോടതി മാറ്റി
X

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ ലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ 26 ാം തവണയും സുപ്രിംകോടതി മാറ്റി. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസില്‍ ഇന്ന് വാദം കേള്‍ക്കല്‍ നടക്കാത്തത്. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹരജികള്‍ ഇനി ഏപ്രില്‍ ആറിന് പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

കേസ് ബെഞ്ച് പരിഗണിച്ചതിന് പിന്നാലെ സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യ പ്രകാശ് വി രാജു ഈ കേസ് അടുത്ത ആഴ്ച ഒരു ദിവസത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പടുകയായിരുന്നു. എന്നാല്‍ ഈ ഹരജികള്‍ ഇന്ന് അവസാന കേസായി കേള്‍ക്കാമെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു.

ഇത് വിശദമായ വാദം കേള്‍ക്കേണ്ട കേസാണ്. അടുത്ത ആഴ്ച്ച ഒരു ദിവസം മുഴുവന്‍ ഹരജി പരിഗണിക്കാനായി മാറ്റിവയ്ക്കണമെന്ന് അഡീഷണല്‍ എസ്ജി കോടതിയെ ബോധിപ്പിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മാര്‍ച്ച് മാസത്തില്‍ കോടതി തിരക്കിലാണെന്ന് അറിയിക്കുകയായിരുന്നു.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐക്ക് വേണ്ടി ആദ്യം മുതലേ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. ഇന്ന് ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ഇന്ന് മൂന്ന് കേസുകളില്‍ തുഷാര്‍ മേത്ത ഹാജരാകുമെന്നാണ് സ്‌ക്രീനില്‍ രേഖപെടുത്തിയിരുന്നത്. 6,7,9 കേസുകളിലാണ് ഹാജരാകുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആറാമത്തെ കേസായി ലാവ്‌ലിന്‍ ഹരജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ തുഷാര്‍ മേത്ത കോടതിയില്‍ ഉണ്ടായിരുന്നില്ല.

സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു, താന്‍ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഉള്ള കേസിലെ നടപടികളില്‍ ഭാഗമാണെന്നാണ് അറിയിച്ചത്. ഇനിമുതല്‍ ലാവ്‌ലിന്‍ കേസില്‍ സോളിസിറ്റര്‍ ജനറലിന് പകരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണോ ഹാജരാകുന്നത് എന്ന കാര്യം വ്യക്തമല്ല. ലാവ്‌ലിന്‍ ഹരജികള്‍ക്ക് ശേഷം ഏഴാമത്തെ കേസ് പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വീണ്ടും ഹാജരായി.

മാര്‍ച്ച് മാസം മുഴുവന്‍ തിരക്കില്‍ ആയിരിക്കുമെന്നാണ് ജസ്റ്റിസ് യുയു ലളിത് ഇന്ന് കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏത് കേസില്‍ ആയിരിക്കും തിരക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ മൂന്ന് വരെ സുപ്രിംകോടതി ഹോളി അവധിക്കായി അടയ്ക്കും. ജസ്റ്റിസ് ലളിതിന്റെ പരാമര്‍ശത്തോടെ സുപ്രധാനമായ ചില കേസുകള്‍ സുപ്രിംകോടതിയില്‍ മാര്‍ച്ച് മാസം ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നു.

ശബരിമല വിശാല ബെഞ്ച് മാര്‍ച്ച് മാസം ഉണ്ടായേക്കുമെന്നാണ് അഭ്യൂഹങ്ങളില്‍ ഒന്ന്. എന്നാല്‍ ഇന്ന് ലാവ്‌ലിന്‍ കേസ് പരിഗണിച്ച ബെഞ്ചില്‍ ആരും നിലവില്‍ ശബരിമല വിശാല ബെഞ്ചില്‍ ഇല്ല. അതേസമയം ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ആര്‍ ഭാനുമതി വിരമിച്ച സാഹചര്യത്തില്‍ പുതിയ ഒരു അംഗം വിശാല ബെഞ്ചിലെ അംഗമായി വരാം. എന്നാല്‍ നിലവില്‍ ശബരിമല വിശാല ബെഞ്ച് ഇരിക്കുന്നത് സംബന്ധിച്ച ഒരു ഔദ്യോഗിക തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് സുപ്രിംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, കസ്തൂരിരംഗ ഐയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്തും, അഭിഭാഷകന്‍ രാകേന്ദ് ബസന്തും, വിഎം സുധീരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്തും, അഭിഭാഷകന്‍ എംആര്‍ രമേശ് ബാബുവും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ കോടതി നടപടികളിലെ സാങ്കേതിക പ്രശ്ങ്ങള്‍ കാരണം സാല്‍വെ സ്‌ക്രീനില്‍ തെളിഞ്ഞിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് ആണ് കോടതിയില്‍ ഹാജരായത്.

Next Story

RELATED STORIES

Share it