Sub Lead

യുപി നിയമസഭയില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറും; പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും

ബിജെപി ചരിത്രം പഠിക്കണമെന്നും സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

യുപി നിയമസഭയില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറും; പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും
X

ലഖ്‌നൗ: നിയമസഭയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രത്തോടൊപ്പം സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി ഉത്തര്‍പ്രദേശില്‍ വന്‍ പ്രതിഷേധം. യുപി നിയമസഭയായ വിധാന്‍ പരിഷത്തിലാണ് സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചത്. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സഭാ ഗാലറിയില്‍ സവര്‍ക്കറുടെ ചിത്രം അനാഛാദനം ചെയ്തത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മുന്നോട്ട് വന്നു. ചിത്രം ഉടന്‍ നീക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍സി ദീപക് സിംഗ് ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ രമേശ് യാദവിന് കത്തുനല്‍കി. ചിത്ര ഗാലറിയിലല്ല ബിജെപി ഓഫിസിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കേണ്ടതെന്നും ദീപക് സിംഗ് നല്‍കിയ കത്തില്‍ പറയുന്നു.

ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പിരന്നതിനെ കുറിച്ചും ജയില്‍ മോചിതനായതിനെ കുറിച്ചും രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവനറിയാമെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ബിജെപി ചരിത്രം പഠിക്കണമെന്നും സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രണ്ടുവട്ടം കഠിനതടവ് അനുഭവിച്ച മഹാനാണ് സവര്‍ക്കറെന്നാണ് ആദിത്യനാഥിന്റെ വാദം.

കഴിഞ്ഞവര്‍ഷം കര്‍ണാടകയിലെ ബംഗളുരുവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേര് നല്‍കിയിരുന്നു. പാലത്തിന് സവര്‍ക്കറുടെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും പരാതിപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it