Sub Lead

റഹാഫിന് കാനഡയില്‍ ഹൃദ്യമായ സ്വീകരണം; തന്റേടിയായ പുതിയ കാനഡക്കാരിയെന്ന് മന്ത്രി

ശനിയാഴ്ച വൈകീട്ട് ടൊറോന്‍ഡോവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഹാഫിനെ കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്വീകരിച്ചു. തന്റേടിയായ പുതിയ കാനഡക്കാരിയെന്നാണ് ക്രിസ്റ്റിയ സൗദി വനിതയെ മാധ്യമങ്ങള്‍ക്കു പരിചയപ്പെടുത്തിയത്.

റഹാഫിന് കാനഡയില്‍ ഹൃദ്യമായ  സ്വീകരണം; തന്റേടിയായ പുതിയ  കാനഡക്കാരിയെന്ന് മന്ത്രി
X
ടൊറോന്റോ: കുടുംബത്തില്‍ നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് ഒളിച്ചോടിയ 18കാരിയായ സൗദി വനിതയ്ക്ക് കാനഡയില്‍ ഹൃദ്യമായ സ്വീകരണം. അഭയം വാഗ്ദാനം ചെയ്തതിനെതുടര്‍ന്നാണ് റഹാഫ് മുഹമ്മദ് അല്‍ ഖുനൂന്‍ കാനഡയിലെത്തിയത്.ശനിയാഴ്ച വൈകീട്ട് ടൊറോന്‍ഡോവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഹാഫിനെ കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്വീകരിച്ചു. തന്റേടിയായ പുതിയ കാനഡക്കാരിയെന്നാണ് ക്രിസ്റ്റിയ സൗദി വനിതയെ മാധ്യമങ്ങള്‍ക്കു പരിചയപ്പെടുത്തിയത്. കാനഡ എന്ന് ചുവന്ന അക്ഷരങ്ങളില്‍ എഴുതിയ സ്വെറ്റ്ഷര്‍ട്ടും യുഎന്‍എച്ച്‌സിആറിന്റെ തൊപ്പിയും ധരിച്ചാണ് റഹാഫ് വിമാനമിറങ്ങിയത്.

മന്ത്രിക്കൊപ്പം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയെങ്കിലും റഹാഫ് പ്രതികരിക്കാന്‍ തയ്യാറായില്ല. പുതിയ ഭവനത്തിലെത്തിയ റഹാഫ് കാനഡക്കാരെ കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നീണ്ട യാത്ര കഴിഞ്ഞ് അവശയായതിനാല്‍ ഇന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നു മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് കൈവീശിക്കാണിച്ച് റഹാഫ് ടെര്‍മിനലിനകത്തേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു.

ആസ്‌ത്രേലിയയയില്‍ അഭയത്തിനാണ് റഹാഫ് ആദ്യം ശ്രമിച്ചിരുന്നതെങ്കിലും അഭയം നല്‍കുന്ന കാര്യം പരിശോധിക്കുന്നതിന് കൂടുതല്‍ സമയം എടുത്തതിനെതുടര്‍ന്ന് കാനഡ തിരഞ്ഞെടുക്കുകയായിരുന്നു.ബാങ്കോക്കില്‍നിന്ന് സോളിലെത്തി അവിടെനിന്ന് കണക്ഷന്‍ വിമാനത്തിലാണ് റഹാഫ് കാനഡയിലെത്തിയത്. കഴിഞ്ഞ ആഴ്ച കുവൈത്തില്‍ നിന്ന് ആസ്‌ത്രേലിയയിലേക്കു പോവുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചതിനെതുടര്‍ന്നാണ് റഹാഫ് ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് വിമാനത്താവളത്തിലെ ഹോട്ടല്‍മുറിയില്‍ പുറത്തുനിന്നാരും കയറാതിരിക്കാന്‍ കട്ടിലും മേശയും വാതിലിനു പിന്നില്‍ നിരത്തി പ്രതിരോധം തീര്‍ത്ത റഹാഫിന്റെ ചിത്രം ട്വിറ്ററില്‍ വൈറലായിരുന്നു.

സൗദിയിലേക്ക് തിരിച്ചയച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാവുമെന്ന് കാണിച്ച് ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്‌നം ലോകത്തിന്റെ ശ്രദ്ധയില്‍പതിഞ്ഞത്. തുടര്‍ന്ന് ആയിരങ്ങളാണ് റഫാന് പിന്തുണയുമായെത്തിയത്. കുടുംബത്തോടൊപ്പം കുവൈറ്റ് സന്ദര്‍ശിക്കാനെത്തിയ റഹാഫ് അവിടെ നിന്നും അവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തായ്‌ലന്റില്‍നിന്ന് ആസ്‌ത്രേലിയയിലെത്തി അവിടെ അഭയംതേടാനായിരുന്നു തീരുമാനം. എന്നാല്‍, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ച റഹാഫിനെ തായ് അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

സൗദിയില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നാടുവിട്ടത്. കുടുംബത്തില്‍ നിന്നു ജീവനു ഭീഷണിയുള്ളതായും ഇവര്‍ ആരോപിച്ചിരുന്നു. 'കുവൈറ്റില്‍ തന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും തന്നെ കാത്തിരിപ്പുണ്ട്. തന്നെ അവര്‍ കൊല്ലും. ജീവന്‍ അപകടത്തിലാണ്. നിസാര കാര്യത്തിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് കുടുംബം.റഹാഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, റഹാഫിന് അഭയം നല്‍കിയതുമായി ബന്ധപ്പെട്ട് സൗദി-കാനഡ ബന്ധം കൂടുതല്‍ വഷളാകുമോയെന്ന ആശങ്കയിലാണ് ലോകം.നേരത്തേ, വനിതാ ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ കാനഡ ഇടപെട്ടതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റിരുന്നു.

Next Story

RELATED STORIES

Share it