Sub Lead

പാകിസ്താന് കോടികളുടെ സഹായ ഹസ്തവുമായി സൗദി

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പാക് പ്രധാനമന്ത്രി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ശത കോടി ഡോളറിന്റെ സഹായ ഹസ്തമാണ് റിയാദ് ഇസ്‌ലാമാബാദിന് നീട്ടിയിരിക്കുന്നത്.

പാകിസ്താന് കോടികളുടെ സഹായ ഹസ്തവുമായി സൗദി
X

റിയാദ്/ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ സൗദി അറേബ്യയ്ക്കും പാകിസ്താനും ഇടയില്‍ മഞ്ഞുരുക്കം. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പാക് പ്രധാനമന്ത്രി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ശത കോടി ഡോളറിന്റെ സഹായ ഹസ്തമാണ് റിയാദ് ഇസ്‌ലാമാബാദിന് നീട്ടിയിരിക്കുന്നത്.

വിദേശ കരുതല്‍ ശേഖരം നന്നേ കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യത്തെ സഹായിക്കാന്‍ പാകിസ്താന്‍ സെന്‍ട്രല്‍ ബാങ്കില്‍ 300 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ പരിതാപകരമായ അവസ്ഥ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ധരിപ്പിക്കുകയായിരുന്നു.

സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും ആഗോള വിപണയില്‍ എണ്ണവില വര്‍ധന സാമ്പത്തിക മേഖലയുടെ നട്ടെല്ല് ഒടിച്ചതായും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൂനിന്മേല്‍ കുരുവായി. ഈ സാഹചര്യത്തില്‍ കൈവിടരുതെന്നായിരുന്നു ഇമ്രാന്‍ഖാന്റെ അഭ്യര്‍ഥന.

പാകിസ്താന് വേണ്ട സഹായം നല്‍കുമെന്ന് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയതിനു പിന്നാലെ 300 കോടി ഡോളര്‍ പാകിസ്താന്റെ കേന്ദ്ര ബാങ്കിന് സൗദി അറേബ്യ കൈമാറി.

കേന്ദ്ര ബാങ്കിലേക്ക് 300 കോടി ഡോളര്‍ നല്‍കിയതിന് പുറമെ, എണ്ണ ഇടപാടുകളില്‍ 120 കോടി ഡോളറിന്റെ ഇളവുകളും സൗദി അനുവദിച്ചിട്ടുണ്ട്. ഇതോടെ മൊത്തം 420 കോടി ഡോളറിന്റെ സഹായമാണ് സൗദിയില്‍ നിന്ന് പാകിസ്താന് ലഭിച്ചത്. ഒരുപക്ഷേ, ഖത്തര്‍ ഭരണകൂടത്തെ കണ്ടും പാകിസ്താന് സഹായം അഭ്യര്‍ഥിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

സൗദി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ആണ് പാകിസ്താനുള്ള സഹായം പ്രഖ്യാപിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ സഹായം ലഭിച്ചുവെന്ന് പാകിസ്താന്റെ ഊര്‍ജ മന്ത്രി ഹമ്മദ് അസ്ഹര്‍ പ്രതികരിച്ചു. വ്യാപാര, ധന കമ്മി പരിഹരിക്കാന്‍ സൗദിയുടെ സഹായം ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗദിയുടെ സഹായം പ്രതീക്ഷിക്കുന്നതായി നേരത്തെ വാര്‍ത്താ വിതരണ മന്ത്രി ഫുവാദ് ചൗധരിയും ധനമന്ത്രി ഷൗക്കത്ത് താരിനും പറഞ്ഞിരുന്നു.

പാകിസ്താന്റെ വിദേശ നാണയ കരുതല്‍ നന്നേ കുറഞ്ഞിട്ടുണ്ട്. കടം വര്‍ധിച്ചുവരികയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൗദിയുടെ സഹായമെത്തിയത്. നേരത്തേ കശ്മീരുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യമന്ത്രി നടത്തിയ ചില പരാമര്‍ശങ്ങളാണ് സൗദിയെയും പാകിസ്താനെയും അകറ്റിയത്. കശ്മീര്‍ വിഷയത്തില്‍ ഇടപെടാത്ത സൗദിയെ പാക് പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചിരുന്നു.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും അല്ലെങ്കില്‍ പാകിസ്താന്‍ യോഗം വിളിക്കുമെന്നും ഖുറേഷി ഭീഷണി മുഴക്കുകയായിരുന്നു. സാധാരണ സൗദി മുന്‍കൈയ്യെടുത്താണ് ഒഐസി യോഗം വിളിക്കാറ്. പാകിസ്താന്‍ മന്ത്രിയുടെ വാക്കുകള്‍ സൗദിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കടുത്ത നടപടിയാണ് സൗദി അന്ന് പാകിസ്താനെതിരെ സ്വീകരിച്ചത്.

നേരത്തെ നല്‍കിയ വായ്പ വേഗത്തില്‍ തിരിച്ചടയ്ക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഇതോടെ വെട്ടിലായ പാകിസ്താന്‍ അനുനയത്തിലേക്ക് വരികയായിരുന്നു.

Next Story

RELATED STORIES

Share it