Sub Lead

ആലോക് വര്‍മയും അസ്താനയും തമ്മിലുള്ള പോരിന് വഴിതുറന്നത് രാജീവ് കുമാറിനെതിരായ കേസ്

ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ അലോക് കുമാര്‍, അസ്താനക്ക് താക്കീതും നല്‍കിയിരുന്നു. രാജീവ് കുമാറിനെതിരായ അന്വേഷണത്തില്‍ കേന്ദ്രത്തിനുള്ള പ്രത്യേക താല്‍പര്യവും ഇതോടെ പുറത്തുവരികയാണ്.

ആലോക് വര്‍മയും അസ്താനയും തമ്മിലുള്ള പോരിന് വഴിതുറന്നത് രാജീവ് കുമാറിനെതിരായ കേസ്
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരിന് വഴിതുറന്നതും സിബിഐയിലെ ആഭ്യന്തര പൊട്ടിത്തെറിക്കിടയാക്കിയതും ഒരേ സംഭവം. സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മയും മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്പര പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ ആലോക് വര്‍മ, അസ്താനക്ക് താക്കീതും നല്‍കിയിരുന്നു. രാജീവ് കുമാറിനെതിരായ അന്വേഷണത്തില്‍ കേന്ദ്രത്തിനുള്ള പ്രത്യേക താല്‍പര്യവും ഇതോടെ പുറത്തുവരികയാണ്.

ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി ചിട്ടി ഫണ്ട് എന്നീ കേസുകള്‍ ആദ്യം അന്വേഷിച്ചത് കൊല്‍ക്കത്ത പൊലിസിന്റെ പ്രത്യേ അന്വേഷണ സംഘമായിരുന്നു. ഈ ടീമിന് നേതൃത്വം നല്‍കിയത് അന്ന് കൊല്‍ക്കത്തിയില്‍ അഡീഷണല്‍ കമീഷണറായിരുന്ന രാജീവ് കുമാറാണ്. എന്നാല്‍ 2014 ല്‍ സുപ്രിംകോടതി ബംഗാള്‍ പൊലിസിന്റെ അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്ക് കൈമാറി.

അന്വേഷണത്തിന് ചുമതല വഹിച്ചത് അടുത്തിടെ സിബിഐയില്‍നിന്ന് പുറത്താക്കിയ സ്‌പെഷ്യല്‍ ഡയറടക്ടര്‍ രാകേഷ് അസ്താനയായിരുന്നു. സംസ്ഥാന പൊലിസിന്റെ അന്വേഷണത്തിനിടെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാറും സംഘവും നശിപ്പിച്ചു എന്നായിരന്നു അസ്താനയുടെ ആരോപണം. പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും അസ്താന ഫയലില്‍കുറിച്ചു. മമതാ ബാനര്‍ജിയെ കുരുക്കാന്‍ കേന്ദ്രം സിബിഐയെ ഉപയോഗിക്കുന്നതിന്റെ സൂചനകളായിരുന്നു ഇതിലൂടെ പുറത്തുവന്നത്.

തുടര്‍ന്ന് രാജീവ് കുമാര്‍, ഐജി വിനീത കുമാര്‍ ഗോയല്‍, എസ് പി പല്ലവ് കാന്തി ഘോഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു. എന്നാല്‍, ഇതിനെതിരെ രാജീവ് കുമാര്‍, അന്ന് സിബിഐ ഡയറ്കടറായിരന്ന ആലോക് വര്‍മയ്ക്ക്‌ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തിയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍നിന്ന് പിന്‍മാറാന്‍ ആലോക് വര്‍മ, അസ്താനക്ക് നിര്‍ദ്ദേശം നല്‍കി. ഇത് അംഗീകരിക്കാന്‍ അസ്താന വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോരു മുറുകുന്നതും. ഇതിന് പുറമേ മറ്റ് വിഷയങ്ങളിലും പരസ്യ തര്‍ക്കം തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഇരുവരേയും സിബിഐയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തക്കാരനായ അസ്താന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമായിരുന്നു മുന്നോട്ടുപോയിരുന്നത്.

Next Story

RELATED STORIES

Share it