Sub Lead

സംഘപരിവാര്‍ കൊറോണയേക്കാള്‍ ഭീകരം: അഡ്വ. രശ്മിതാ രാമചന്ദ്രന്‍

സംഘപരിവാര്‍ കൊറോണയേക്കാള്‍ ഭീകരം: അഡ്വ. രശ്മിതാ രാമചന്ദ്രന്‍
X

കല്‍പ്പറ്റ: കൊറോണയേക്കാള്‍ ഭീകരമാണ് സംഘപരിവാര്‍ ശക്തികളെന്നും കൊറോണ ബാധിതന്‍ വേണോ സംഘപരിവാര്‍ വേണോ എന്ന് ചോദിച്ചാല്‍ കൊറോണ മതിയെന്ന് പറയുമെന്നും സുപ്രിംകോടതി അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ. രശ്മിതാ രാമചന്ദ്രന്‍. പൗരത്വ വിവേചന നിയമത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ടയില്‍ നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് പൗരത്വ നിയമം. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യയുടെ പാരമ്പര്യവും മതേതരത്വ സംസ്‌കാരവും ചരിത്രവും മാറ്റിയെടുക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പൗരന്മാരെ മതില്‍കെട്ടി മറക്കുന്ന സംസ്‌കാരം ഇന്ത്യന്‍ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. മോദി-അമിത്ഷാ കൂട്ടുകെട്ടിനും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരേ ഡല്‍ഹിയില്‍ നടക്കുന്ന ശക്തമായ സമരം ഇന്ത്യയില്‍ ആളിപ്പടരും.

പൗരത്വരജിസ്റ്ററില്‍ പേര് വരണമെങ്കില്‍ രക്ഷിതാക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിചിത്രനയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. അസമില്‍ 1966 മുതല്‍ സ്വന്തമായി ഭൂമിയുണ്ടെന്നും വോട്ട് ചെയ്തിട്ടുണ്ടെന്നും പാസ്‌പോപോര്‍ട്ടും പാന്‍ കാര്‍ഡും ഉണ്ടെന്നത് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും രക്ഷിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പൗരത്വം നിഷേധിക്കുന്നത്. 2002ല്‍ രാജ്യത്ത് പല ഇടങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കിയ രാജ്യദ്രോഹികളാണ് രാജ്യസ്‌നേഹം ചോദിച്ചും പൗരത്വം ചോദിച്ചും വരുന്നത്. ഇതിന്നെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അവര്‍ പറഞ്ഞു. സി പി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദ് ഹാജി, മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, ഷാഫി ചാലിയം, പി കെ അസ്മത്ത്, പടയന്‍ മുഹമ്മദ്, കെ എം അബ്ദുല്ല, അഹമ്മദ് മാസ്റ്റര്‍, പടയന്‍ അബ്ദുല്ല, സി അന്ത്രു ഹാജി, പി സി ഇബ്രാഹീം ഹാജി, അമ്മദ് ആറുവാള്‍, കേളോത്ത് അബ്ദുല്ല, അഡ്വ. വേണുഗോപാല്‍, എം ചന്ദ്രന്‍ മാസ്റ്റര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it