Sub Lead

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബ്ലിങ്കന്‍റെ പരാമർശത്തിലാണ് ജയശങ്കറിന്‍റെ പ്രതികരണം.

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ
X

ന്യൂഡൽഹി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമർശനത്തിന് മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ. അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ച് പറയാന്‍ ഇന്ത്യക്കും അവകാശം ഉണ്ട്. അമേരിക്കയിലെ ആളുകളുടെ മനുഷ്യാവകാശങ്ങളില്‍ അടക്കം ഇന്ത്യക്ക് നിലപാടുണ്ടെന്നും ജയ്‍ശങ്കര്‍ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബ്ലിങ്കന്‍റെ പരാമർശത്തിലാണ് ജയശങ്കറിന്‍റെ പ്രതികരണം. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ ആ അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെകുറിച്ചുമെല്ലാം ഉള്ള നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യക്കും തുല്യ അവകാശമുണ്ടെന്നും ജയ്‍ശങ്കര്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയും യുഎസും തമ്മില്‍ മനുഷ്യാവകാശ വിഷയങ്ങളിൽ ഇപ്പോള്‍ ചർച്ച നടന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ച‍ർച്ചയുണ്ടെങ്കില്‍ നിലപാട് പറയാന്‍ ഇന്ത്യക്ക് മടിയില്ല. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുമ്പോൾ അതില്‍ കൃത്യമായി ഇടപെടും.

ഇന്ത്യ യുഎസ് 2+2 മന്ത്രി തല ചർച്ചകള്‍ മുഴുവന്‍ രാഷ്ട്രീയ - പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ജയ്‍ശങ്കര്‍ വ്യക്തമാക്കി. അതേസമയം ആന്‍റണി ബ്ലിങ്കന്‍ മുന്‍പ് ഇന്ത്യയില്‍ വന്നപ്പോള്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നതായും മന്ത്രി വെളിപ്പെടുത്തി. യുക്രെയ്ൻ വിഷയമടക്കമാണ് മന്ത്രിതല ചർച്ചയില്‍ ഉയര്‍ന്ന് വന്നത്.

യുക്രെയ്ൻ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ചുള്ള ഒരു നിര്‍ദേശവും ഇന്ത്യ ഉന്നയിച്ചില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെയും ചൈനയുടെയും വ്യത്യസ്ത നിലപാടുകളെ കുറിച്ച് അമേരിക്കക്ക് ബോധ്യമുണ്ടന്നും ജയശങ്കര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it