Sub Lead

ബലാറസിൽ വച്ച് ഉപാധികളോടെ യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

ചർച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പ്രസിഡൻ്റ ഷീ ജിൻ പിങിനെ അറിയിച്ചുവെന്നാണ് ചൈന അൽപസമയം മുമ്പ് വ്യക്തമാക്കിയത്.

ബലാറസിൽ വച്ച് ഉപാധികളോടെ യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
X

മോസ്കോ: യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി. ഉപാധികളോടെ യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ് റഷ്യയുടെ നിലപാട്. ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പുടിൻ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചർച്ചയാവാം എന്നുമാണ് മോസ്കോയുടെ ഏറ്റവും പുതിയ നിലപാട്.

ചർച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പ്രസിഡൻ്റ ഷീ ജിൻ പിങിനെ അറിയിച്ചുവെന്നാണ് ചൈന അൽപസമയം മുമ്പ് വ്യക്തമാക്കിയത്.

സമ്പൂർണ നിരായുധീകരണത്തിന് യുക്രെയ്ൻ തയ്യാറവണമെന്നും പ്രതിരോധതലത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ചേരിചേരാ നയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ നിലപാട്. റഷ്യ ചർച്ചകളോട് മുഖം തിരിക്കുകയാണെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.

യുക്രെയ്നിൽ അതിവേഗം അധിനിവേശം നടത്തിയ റഷ്യ ഏറ്റവും ഒടുവിൽ കീവിലെ അന്താരാഷ്ട്ര വിമാനത്താവളം കൂടി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ കൊട്ടാരവും പാർലമെൻ്റ് മന്ദിരവും അടക്കം നിർണായകമായ ചില കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോൾ റഷ്യ നടത്തുന്നത്. പടിഞ്ഞാറുമായി ബന്ധപ്പെട്ടാനുള്ള എല്ലാ വഴികളും വിച്ഛേദിച്ചുവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ അവസാന പോരാട്ടത്തിന് ഒരുങ്ങിയിറങ്ങിയ യുക്രെയ്ൻ ശക്തമായ പ്രതിരോധത്തിനാണ് ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. കീവ് നഗരത്തിനുള്ളിൽ റഷ്യൻ സൈന്യത്തെ നേരിടാൻ തയ്യാറായി യുക്രെയ്ൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. സാധാരണ യുക്രെയ്ൻ പൗരൻമാരും ആയുധങ്ങളുമായി സൈന്യത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it